മാര്‍പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനം 2025ന് ശേഷമെന്ന് ജോര്‍ജ് കുര്യന്
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനം 2025ന് ശേഷമായിരിക്കുമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്. 2025 കത്തോലിക്ക സഭാ ജൂബിലി ആഘോഷിക്കുന്നതിനാല്‍ ഫാന്‍സിസ് മാര്‍പാപ്പ ഇന്ത്യ സന്ദര്‍ശിക്കാന്‍ സാധ്യതയില്ല. പോപ്പിന്റെ സന്ദര്‍ശനം സംബന്ധിച്ച് സമയക്രമം തീരുമാനിക്കേണ്ടത് വത്തിക്കാനാണെന്നും സന്ദര്‍ശനത്തിനായി രാജ്യം കാത്തിരിക്കുകയാണെന്നും ജോര്‍ജ് കുര്യന് പറഞ്ഞു.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സൗകര്യത്തിനനുസരിച്ചായിരിക്കും സന്ദര്‍ശനമെന്ന് ജോര്‍ജ് കുര്യന് പറഞ്ഞു. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് കൂവക്കാട് കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന ചടങ്ങില്‍ സംബന്ധിക്കാനായി വത്തിക്കാനിലെത്തിയ സംഘത്തില്‍ മന്ത്രി ജോര്‍ജ് കുര്യനുമുണ്ട്. ‘പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ പോപ്പിനെ നേരിട്ട് ഇന്ത്യയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. 2025ല്‍ യേശു ക്രിസ്തുവിന്റെ ജനനത്തിന്റെ ജൂബിലി വര്‍ഷം ആഘോഷിക്കുകയാണ്. അതുകൊണ്ടുതന്നെ ഫ്രാന്‍സിസ് മാര്‍പാപ്പ അതിന്റെ തിരക്കുകളായതിനാല്‍ മറ്റ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാനിടയില്ല. അതിനുശേഷമായിരിക്കും ഇന്ത്യാ സന്ദര്‍ശനം.
വത്തിക്കാനില്‍ ശിവഗിരി മഠം സംഘടിപ്പിച്ച സര്‍വമത സമ്മേളനത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പയെ ഇന്ത്യസന്ദര്ശന വേളയിയില്‍ ശിവഗിരിയിലേക്ക് ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. പോപ്പിന്റെ ഇന്ത്യാ സന്ദര്‍ശനം പ്രതീക്ഷിച്ചതിലും വേഗത്തിലുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം ഗോവന്‍ മന്ത്രിയും അഭിപ്രായപ്പെട്ടിരുന്നു.