ആദിവാസി സ്ത്രീയുടെ മൃതദേഹം ഓട്ടോയിൽ കൊണ്ടുപോയ സംഭവം; ട്രൈബല്‍ പ്രമോട്ടറെ പിരിച്ചുവിട്ടു
മാനന്തവാടിയിൽ ആദിവാസി സ്ത്രീയുടെ മൃതദേഹം ഓട്ടോറിക്ഷയിൽ കൊണ്ടുപോകേണ്ടി വന്ന സംഭവത്തിൽ ട്രൈബൽ പ്രമോട്ടറെ ബലിയാടാക്കി അധികൃതർ. സംഭവത്തിൽ ട്രൈബൽ പ്രമോട്ടർ മഹേഷ് കുമാറിനെ പിരിച്ചുവിട്ട് ഉത്തരവിറങ്ങി. താൽക്കാലിക ജീവനക്കാരനായ മഹേഷിനെ പിരിച്ചുവിട്ടതിൽ മറ്റ് ട്രൈബൽ പ്രമോട്ടർമാർ ഇന്ന് പ്രതിഷേധിക്കും.
രണ്ട് ആംബുലൻസുകൾ പര്യാപ്തമല്ലെന്ന് പലതവണ അധികൃതരെ അറിയിച്ചിട്ടുണ്ടെന്ന് പിരിച്ചുവിട്ട ട്രൈബൽ പ്രമോട്ടർ മഹേഷ് കുമാർ പറഞ്ഞു. ഇത് വകുപ്പ് മന്ത്രിക്കും അറിയാവുന്നതാണ്. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിന്റെ ഭാഗത്തും വീഴ്ചയുണ്ട്. പണം നൽകാത്തതിനാൽ സ്വകാര്യ ആംബുലൻസുകളും വരാൻ തയ്യാറാകില്ല. ഉത്തരവാദി താൻ അല്ലാതിരുന്നിട്ടും കടുത്ത നടപടി നേരിടേണ്ടി വന്നിരിക്കുന്നെന്നും മഹേഷ് പറയുന്നു.
മാനന്തവാടിയിൽ ട്രൈബൽ വകുപ്പിന് രണ്ട് ആംബുലൻസുകൾ മാത്രമാണുള്ളത്. രണ്ട് ആംബുലൻസുകളും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോകുന്നതിനാൽ ആദിവാസി വിഭാഗക്കാർക്ക് ലഭ്യമല്ലാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. മുൻപും ആളുകൾ മരിക്കുമ്പോൾ ആംബുലൻസുകൾ ലഭ്യമായിട്ടില്ലെന്നും പരാതി ഉയരുന്നുണ്ട്. പട്ടികജാതി പട്ടികവർഗ്ഗ വകുപ്പ് മന്ത്രി ഒ ആർ കേളുവിന്റെ മണ്ഡലത്തിലാണ് ദുരവസ്ഥ.
സംഭവത്തിൽ പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ആദിവാസി സ്ത്രീയുടെ മൃതദേഹം ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് ശ്മശാനത്തിലേക്ക് ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോയെന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി.