ടെക്സ്റ്റൈല്‍സ് മന്ത്രാലയത്തിന്റെ കൈത്തറി സാരി മേളയ്ക്ക് തൃശൂരിൽ തുടക്കമായി
തൃശൂര്‍: കേന്ദ്ര ടെക്സ്റ്റൈല്‍സ് മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിലുള്ള കൈത്തറി സാരി മേളയ്ക്ക് തൃശൂരിൽ തുടക്കമായി. അയ്യന്തോളിലെ ലുലു ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്ററിലെ ആംബര്‍ ഹാളില്‍ നടക്കുന്ന മേള ടെക്സ്റ്റൈൽ മന്ത്രാലയത്തിന് കീഴിലുള്ള കൈത്തറി ഡെവലപ്മെന്റ് കമ്മീഷണറാണ് സംഘടിപ്പിക്കുന്നത്. എല്ലാ ദിവസവും രാവിലെ 11 മുതല്‍ രാത്രി 8 വരെയുള്ള മേളയില്‍ ഇന്ത്യയുടെ സമ്പന്നമായ കൈത്തറി പാരമ്പര്യങ്ങള്‍ പ്രദര്‍ശനത്തിനുണ്ട്.
50-ലധികം തരം പരമ്പരാഗത സാരികള്‍ അവതരിപ്പിക്കുന്ന മേളയില്‍ ഇന്ത്യയിലുടനീളമുള്ള 75 കൈത്തറി നെയ്ത്തുകാര്‍, സ്വയം സഹായ ഗ്രൂപ്പുകള്‍ (എസ്എച്ച്ജികള്), സൊസൈറ്റികള്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്. കേരളം, തമിഴ്നാട്, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്, ജമ്മു കശ്മീര്‍, ബീഹാര്‍, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളുടെ വൈവിധ്യമാര്‍ന്ന കലാവൈഭവം പ്രതിഫലിപ്പിച്ചുകൊണ്ട് ബനാറസി, പട്ടോള, ചന്ദേരി, കുത്തംപ്പള്ളി, ബാലരാമപുരം, തങ്കലി, കോസ, കലംകാരി, കാസര്‍ഗോഡ് തുടങ്ങിയ പ്രശസ്തമായ നെയ്ത്തുത്പന്നങ്ങള്‍ മേളയിലുണ്ട്.
ഇന്ത്യന്‍ കൈത്തറി സാരികളുടെ പാരമ്പര്യം സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനൊപ്പം പ്രാദേശിക നെയ്ത്തുകാര്‍ക്ക് ഉപഭോക്താക്കള്‍, കയറ്റുമതിക്കാര്‍ എന്നിവരുമായി ബന്ധപ്പെടാനുള്ള അവസരം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയുമാണ് മേള സംഘടിപ്പിക്കുന്നത്. ഈ സാരികള്‍ നെയ്തെടുക്കുന്നതിലെ സങ്കീര്‍ണ്ണതകള്‍ അടുത്തറിയാന്‍ സന്ദര്‍ശകര്‍ക്ക് അവസരമൊരുക്കാനായി തത്സമയ നെയ്ത്ത് പ്രദര്‍ശനങ്ങളും മേളയുടെ ഭാഗമായി നടക്കും.
ഇന്ത്യന്‍ കൈത്തറികളുടെ സാംസ്കാരിക പൈതൃകം പ്രദര്‍ശിപ്പിക്കുന്നതിനൊപ്പം, മേളയ്ക്കായി സജ്ജമാക്കിയ പ്രത്യേകം ക്യൂറേറ്റ് ചെയ്ത തീം പവലിയനും എക്സ്ക്ലൂസീവ് ബൂത്തുകളും സന്ദർശകരെ ആകർഷിക്കുന്നുണ്ട്. നെയ്ത്തുകാര്‍ക്കും വിപണിക്കുമിടയിലെ വിടവ് നികത്തുന്നതിലൂടെ, നെയ്ത്തുകാര്‍ക്ക് അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനും അവരുടെ ഉല്‍പ്പന്നങ്ങള്‍ നേരിട്ട് ഉപഭോക്താക്കള്‍ക്ക് വില്ക്കാനുമുള്ള ഒരു വേദിയായും മേള മാറും. ഈ മാസം 28-ന് മേള സമാപിക്കും.