പ്രതിരോധ സംവിധാനം ശക്തിപ്പെടുത്താൻ നീക്കം നടത്തി ഇറാൻ
അമേരിക്കയുടെയും ഇസ്രായേലിന്റെയും സൈനിക ആധിപത്യത്തെ വെല്ലുവിളിക്കുന്ന സുപ്രധാന നീക്കവുമായി ഇറാന്.തങ്ങളുടെ ഏറ്റവും നൂതനമായ ആളില്ലാ യുദ്ധ ആകാശ വാഹനം ഷാഹെദ്-149 ‘ഗാസ’ ഇറാന് പ്രവര്‍ത്തനക്ഷമമാക്കി.
4,000 കിലോമീറ്റര്‍ വരെ പ്രഹരശേഷിയുള്ള ഈ ഡ്രോണ്‍ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ എയ്റോസ്പേസ് ഫോഴ്സുമായി സംയോജിപ്പിച്ചിരിക്കുന്നു
2021-ല്‍ അവതരിപ്പിക്കുകയും 2022-ല്‍ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് എയ്റോസ്പേസ് ഫോഴ്സിന് കൈമാറുകയും ചെയ്ത ഷാഹെദ്-149 ”ഗാസ” ഇറാന്റെ ഏറ്റവും നൂതനമായ ആളില്ലാ യുദ്ധ വ്യോമ വാഹനമാണ്. കൃത്യതയുള്ള ഗൈഡഡ് സാദിദ് ഗ്ലൈഡ് ബോംബുകള്‍ ഉള്‍പ്പെടെ ഇതിന് 500 കിലോഗ്രാം വരെ പേലോഡ് വഹിക്കാന്‍ കഴിയും.
വിപുലീകൃത ദൗത്യങ്ങള്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ ഡ്രോണിന് മണിക്കൂറില്‍ 215 കിലോമീറ്റര്‍ വേഗതയും 25 മണിക്കൂര്‍ ഫ്ലൈറ്റ് സഹിഷ്ണുതയും ഉണ്ട്. 35,000 അടി വരെ ഉയരത്തില്‍ പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള ഷാഹെദ്-149 ദീര്‍ഘദൂര സ്ട്രൈക്കുകള്‍ക്കായി നിര്‍മ്മിച്ചതാണ്
ഇലക്ട്രോ ഒപ്റ്റിക്കല്‍, ഇൻഫ്രാറെഡ് സെൻസറുകള്‍, ലേസർ റേഞ്ച്ഫൈൻഡർ, സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ ആൻ്റിന എന്നിവ ഉള്‍ക്കൊള്ളുന്ന അത്യാധുനിക ഏവിയോണിക്സ് സംവിധാനങ്ങളാണ് ഷാഹെദ്-149-ല്‍ ഉള്ളതെന്ന് മാധ്യമ റിപ്പോർട്ടുകള്‍ പറയുന്നു. 500 കിലോമീറ്റർ ചുറ്റളവില്‍ നിരീക്ഷണം നടത്താനും സ്റ്റെല്‍ത്ത് എയർക്രാഫ്റ്റുകള്‍ കൃത്യമായി കണ്ടെത്താനും ഇതിന് കഴിയും.
അതേസമയം റഷ്യയില്‍നിന്ന് അത്യാധുനിക സുഖോയ്-35 യുദ്ധവിമാനങ്ങള്‍ വാങ്ങിയെന്ന് ഇറേനിയൻ വിപ്ലവഗാർഡ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.എത്രയെണ്ണം വാങ്ങിയെന്നതു വെളിപ്പെടുത്തിയിട്ടില്ല. വിമാനങ്ങള്‍ ഇറാനില്‍ എത്തിയോ എന്നതും വ്യക്തമാക്കിയിട്ടില്ല.
ആധുനിക ഇറാൻ രൂപീകൃതമായ 1979ലെ ഇസ്ലാമിക വിപ്ലവത്തിനു മുന്‍പ് അമേരിക്ക നല്കിയ പഴഞ്ചൻ വിമാനങ്ങള്‍ കുറച്ചെണ്ണമാണ് നിലവില്‍ ഇറാന്റെ പക്കലുള്ളത്.
എന്തുതന്നെയായാലും വെടിനിർത്തൽ കരാറിന്റെ അവസാനം അപ്രതീക്ഷിത നീക്കങ്ങളിലേയ്ക്ക് ഇസ്രായേൽ കടന്നാൽ അതിനെ പ്രതിരോധിക്കാൻ പ്രതിരോധനിര ശക്തിപ്പെടുത്താൻ തന്നെയാണ് ഇറാന്റെ തീരുമാനം എന്നാണ് ഇതിലൂടെ എല്ലാം വ്യക്തമാക്കുന്നത്.