‘നോ ഹോണ്‍ ഡേ’; കൊച്ചിയില്‍ നാളെ ഹോണ്‍ വിരുദ്ധ ദിനം; നിരോധിത മേഖലയില്‍ ഹോണ്‍ മുഴക്കിയാല്‍ കര്‍ശന നടപടി

കൊച്ചി നഗരത്തില്‍ നാളെ ഹോണ്‍ വിരുദ്ധ ദിനം ആചരിക്കും. സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യയുടെ നിര്‍ദേശപ്രകാരമാണ് പരിപാടി. അമിതമായി ഹോണ്‍ മുഴക്കുന്നതിനാലുള്ള ശബ്ദ മലിനീകരണത്തെയും ആരോഗ്യപ്രശ്നങ്ങളെയും പറ്റി അവബോധം സൃഷ്ടിക്കാനും നിരോധിത മേഖലകളില്‍ ഹോണ്‍ മുഴക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനുമാണ് ഹോണ്‍ വിരുദ്ധ ദിനം ആചരിക്കുന്നത്.
‘നോ ഹോണ്‍ ഡേ’യുടെ ഭാഗമായി പ്രത്യേക ഊര്‍ജിത പരിശോധനകള്‍ നടക്കും. ബസ് സ്റ്റാന്‍ഡ്, ഓട്ടോ സ്റ്റാന്‍ഡ് എന്നിവ കേന്ദ്രീകരിച്ച് ബോധവത്ക്കരണം നടക്കും. നഗരപരിധിയില്‍ നിശബ്ദ മേഖലകളായി പ്രഖ്യാപിച്ചിട്ടുള്ള ആശുപത്രികള്‍, ആരാധനാലയങ്ങള്‍, സ്കൂളുകള്‍, കോടതികള്‍ എന്നിവയുടെ പരിസരങ്ങളില്‍ ഹോണ്‍ മുഴക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.