തെലങ്കാനയിൽ ടണൽ തകർന്നുളള അപകടത്തിൽ എട്ട് പേർ കുടുങ്ങികിടക്കുന്നു; രക്ഷാദൗത്യത്തിന് സൈന്യം എത്തി

തെലങ്കാനയിലെ ശ്രീ ശൈലം ഡാമിന് അടുത്ത് ടണൽ തകർന്നുളള അപകടത്തിൽ ഇന്നും രക്ഷാദൗത്യം തുടരും. സൈന്യം രക്ഷാദൗത്യത്തിൻ്റെ ചുമതല ഏറ്റെടുത്തിട്ടുണ്ട്. അപകടത്തെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ ഫോണിൽ വിളിച്ച് സംസാരിച്ചു. നിലവിലെ സാഹചര്യം ചോദിച്ചറിഞ്ഞ മോദി തൊഴിലാളികളെ രക്ഷപ്പെടുത്തുന്നതിനായി കേന്ദ്രത്തിന്റെ എല്ലാ സഹായവും ഉണ്ടാകുമെന്ന് വാഗ്ദാനം ചെയ്തു.
ടണലിനകത്ത് ഇനിയും എട്ടു പേർ കുടുങ്ങികിടക്കുന്നതായാണ് റിപ്പോർട്ട്. ഉത്തർപ്രദേശ് സ്വദേശികളായ പ്രോജക്ട് എഞ്ചിനീയർ മനോജ് കുമാർ, ഫീൽഡ് എഞ്ചിനീയർ ശ്രീ നിവാസ്, ജാർഖണ്ഡ് സ്വദേശികളായ സന്ദീപ് സാഹു, ജഗ്ത സെസ്, സന്തോഷ് സാഹു, അനുജ് സാഹു, ജമ്മു കശ്മീർ സ്വദേശിയായ സണ്ണി സിംഗ്, പഞ്ചാബ് സ്വദേശിയായ ഗുർപ്രീത് സിംഗുമാണ് ടണലിനകത്ത് കുടുങ്ങി കിടക്കുന്നത് എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
മണ്ണിടിഞ്ഞപ്പോൾ 51തൊഴിലാളികൾ തുരങ്കത്തിലുണ്ടായിരുന്നുവെന്ന് നാഗർകുർണൂൽ പൊലീസ് സൂപ്രണ്ട് വൈഭവ് ഗെയ്ക്വാദ് പറഞ്ഞു. അവരിൽ 43 പേർ സുരക്ഷിതരായി പുറത്തിറങ്ങി. 14 കിലോമീറ്റർ ചുറ്റളവിൽ തുരങ്കത്തിനുള്ളിലെ മേൽക്കൂര മൂന്ന് മീറ്ററോളം താഴ്ന്നുവെന്നും വൈഭവ് ഗെയ്ക്വാദ് വ്യക്തമാക്കി.
ശ്രീശൈലം ഡാമിന്റെ പിന്നിലായുള്ള ടണലിന്റെ ഒരു ഭാഗമാണ് ഇന്നലെ തകര്‍ന്നത്. നാഗര്‍കുര്‍ണൂല്‍ ജില്ലയിലെ അംറാബാദില്‍ ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാലിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന ഭാഗത്താണ് തുരങ്കം സ്ഥിതി ചെയ്യുന്നത്. അറ്റകുറ്റപണികള്‍ക്കായാണ് തൊഴിലാളികള്‍ ടണലില്‍ ഇറങ്ങിയത്. തൊഴിലാളികൾ പാറ പൊട്ടിച്ചുകൊണ്ടിരിക്കെ മണ്ണ് ഇടിയുകയായിരുന്നു.