പെൺമക്കളെ കെട്ടിപ്പിടിച്ച് മരണത്തിൻറെ ട്രാക്കിലിരുന്ന വീട്ടമ്മ; ഫ്രീ ആയി ജോലി ചെയ്യാൻ പറയുന്ന സ്വന്തം ഇടവകയിലെ സ്ഥാപനം

കഴിഞ്ഞ ദിവസം തീവണ്ടിക്കു മുന്നിൽ ജീവിതം അവസാനിപ്പിച്ച ഒരു കുടുംബം വല്ലാത്തൊരു സങ്കട കാഴ്ച തന്നെയാണ് . തന്റെ രണ്ടു പെൺമക്കളെയും കെട്ടിപ്പിടിച്ച് ട്രെയിനിനു മുൻപിൽ തലവെച്ച് കിടന്ന് ജീവൻ ഒടുക്കിയ ഷൈനിയുടെ ജീവിതം ഏറെ ദുരിത പൂർണമായിരുന്നു എന്നാണ് അവരെ അറിയാവുന്നവർ പറയുന്നത്. അയൽക്കൂട്ടത്തിൽ നിന്ന് 3 ലക്ഷം രൂപ ഇവർ വായ്പയെടുത്തിരുന്നു എന്നും, അത് തിരികെ അടയ്ക്കാൻ പറ്റാതെ വന്നപ്പോൾ ആകെ വിഷമത്തിൽ ആയിരുന്നു എന്നും അവരെ അറിയാവുന്നവർ പറയുന്നു.
റെയിൽവേ ട്രാക്കിൽ ചിതറി കിടന്ന ആ സാധുക്കളുടെ അവശിഷ്ടങ്ങൾ കൂട്ടി വെച്ച്, അവരുടെ ആത്മശാന്തിക്കായി ഒപ്പീസ് ചൊല്ലുന്നവർക്കെങ്കിലും ജീവിതത്തിൽ അവരെ ഒന്ന് സഹായിക്കാമായിരുന്നു.
കടുത്ത ഗാർഹിക പീഡനത്തെ തുടർന്നാണ് ബി എസ് സി നേർസായ ഈ വീട്ടമ്മ തൊടുപുഴയിലെ ഭർത്താവിന്റെ വീട്ടിൽ നിന്നും മക്കളേയും കൂട്ടി ഏറ്റുമാനൂരുള്ള സ്വന്തം വീട്ടിലേക്ക് കുറച്ച് നാൾ മുൻപ് പോയത് എന്നാണ് പറയുന്നത്. ബി എസ് സി നേർസായിരുന്നിട്ട് പോലും ഭർത്താവ് ഇവരെ ജോലിക്ക് പോകാൻ അനുവദിച്ചിരുന്നില്ല എന്നും പറയുന്നു.
ഏറ്റുമാനൂരിൽ സ്വന്തം വീട്ടിൽ ചെന്ന ഇവർ ഒരു ജോലിക്കായി പല ആശുപത്രികൾ കയറി ഇറങ്ങി.
വീടിന് തൊട്ടടുത്തുള്ള ഇടവകയുടെ തന്നെ ഒരു വലിയ ആശുപത്രിയിൽ ഒരു ജോലിക്കായി ശ്രമിച്ചിരുന്നു. പക്ഷേ 12 വർഷമായി ജോലി ചെയ്യാതെ ഇരുന്ന കാരണം പറഞ്ഞ് കൊണ്ട് അവരെല്ലാം ജോലി നിഷേധിച്ചു.
2 മക്കളെയും കൊണ്ട് ജീവിക്കാൻ ഒരു ഗതിയുമില്ലാതെ കൈ കൂപ്പി നിന്ന ഈ സാധു സ്ത്രീയോട് ഒരു കൊല്ലം ഫ്രീയായി ജോലി ചെയ്താൽ പരിഗണിക്കാം എന്ന് പറഞ്ഞതും, അതേ സഭാ സമൂഹത്തിലെ ആളുകൾ തന്നെ അമർഷത്തോടെ വെളിപ്പെടുത്തുന്ന നിരവധി ഓഡിയോ ക്ലിപ്പുകൾ ഇപ്പോൾ ഉണ്ട്. ഇവർ മൂന്നാളും കെട്ടിപ്പിടിച്ച് പാളത്തിൽ ഇരിക്കുന്ന കാഴ്ച തന്റെ നെഞ്ച് തകർത്തെന്ന് ആ ട്രെയിനിലെ ലോക്കോ പൈലറ്റ് പറയുന്നതും കേട്ടിരുന്നു.
മക്കളെ കൂടി മരണത്തിലേക്ക് കൊണ്ടു പോയതിൽ പലരും ഈ അമ്മയെ കുറ്റപ്പെടുത്തുന്നതും കണ്ടു. നല്ലൊരു ജോലി കിട്ടാനുള്ള വിദ്യാഭ്യാസം ഉണ്ടായിട്ടും, അതും സ്വന്തം സമുദ്രായത്തിൻ്റെ ഒരു സ്ഥാപനത്തിൽ നിന്നും ഒരു തൊഴിലവസരത്തിനുള്ള അവസരം പോലും നിഷേധിക്കപ്പെട്ടപ്പോൾ, ഇനി ജീവിതം മുന്നോട്ട് പോകില്ലെന്ന് തോന്നിയപ്പോൾ അവർ ചെയ്ത് പോയതാകാനേ സാധ്യതയുള്ളൂ.
പലപ്പോളും അഭിമാനത്തെ ഓർത്ത് നമ്മുടെ അവസ്ഥ ലോകത്തോട് പറയാൻ മടിക്കുന്നവരാണ് അധികവും. ഒരു പക്ഷേ ഇവരുടെ ഈ മോശം അവസ്ഥ ലോകം അറിഞ്ഞിരുന്നെങ്കിൽ എന്തെങ്കിലും പരിഹാരം ഉണ്ടാകുമായിരുന്നു എന്നാണ് തോന്നുന്നത്.
ഈ ലോകത്ത് മനുഷ്യത്വം പൂർണ്ണമായും മരിച്ചിട്ടില്ല. അതുകൊണ്ട് ജീവിതം വഴി മുട്ടി പോയാൽ അത് ലോകത്തോട് വിളിച്ചു പറയാൻ ധൈര്യം കാണിക്കുക. ആരെങ്കിലും ഒരു വഴി തുറന്നു തരാൻ സാധ്യതയുണ്ട്. പള്ളിയു പട്ടക്കാരനും നോക്കുകുത്തികളായി നിൽക്കുമ്പോൾ ചില സുമനസ്സുകളും ഈ നാട്ടിൽ ഉണ്ടെന്നത് ഓർക്കുക.
ലക്ഷക്കണക്കിന് ലൈറ്റുകൾ തൂക്കി, വലിയ പെരുന്നാളും വലിയ വെടിക്കെട്ടും, ആനയെ എഴുന്നളിപ്പും നടത്തുന്നവർ, നിങ്ങളുടെ ഇടവകയിൽ ഇത്തരം ആളുകളൊക്കെയുണ്ടെന്ന് തിരിച്ചറിയാനും ശ്രമിക്കണം. കർത്താവ് പറഞ്ഞിരിക്കുന്നതും അത് തന്നെയാണ്.