കൊച്ചിയില്‍ നിന്ന് എളുപ്പം മൂന്നാര്‍ എത്താം; 124 കിലോമീറ്റര്‍ ഇടനാഴി വികസനം അന്തിമഘട്ടത്തില്‍

മൂന്നാറിലേക്കും ജില്ലയുടെ മറ്റ് കിഴക്കന്‍ ഭാഗങ്ങളിലേക്കും കൊച്ചിയിൽ നിന്നുള്ള യാത്ര ഇനി സുഖകരമായ അനുഭവമാകും യാത്ര വഴി സമയം ലാഭിക്കാം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കൊച്ചി-മൂന്നാര്‍ ദേശീയപാത 85 നവീകരിക്കുന്നതിനുള്ള നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ദീര്‍ഘകാല പദ്ധതി പൂര്‍ത്തീകരണത്തോടടുക്കുകയാണ്. കൊച്ചിയെ മൂന്നാറുമായി ബന്ധിപ്പിക്കുന്ന 124 കിലോമീറ്റര്‍ പാതയാണ് നവീകരിക്കുന്നത്.
ഹൈവേയുടെ വീതി കൂട്ടുകയും വളവുകള്‍ നേരെയാക്കുകയും ചെയ്യുന്നത് അപകട സാധ്യതയുള്ള ഇടനാഴിയിലെ അപകടങ്ങള്‍ കുറയ്ക്കും. ഇത് വാഹന യാത്രക്കാര്ക്ക്് ഏറെ സഹായകരമാകും. മൂവാറ്റുപുഴ പോലുള്ള സ്ഥലങ്ങളിലേക്ക് ഈ പാത ആശ്രയിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന തരത്തിലാണ് റോഡ് വികസന പദ്ധതി ഡിസൈന്‍ ചെയ്തിരിക്കുന്നത്.
മുമ്പ്, ഹൈവയുടെ പല ഭാഗങ്ങളിലും വീതി 5.5 മുതല്‍ ഏഴ് മീറ്റര്‍ വരെയായിരുന്നു. സാധ്യമാകുന്നിടത്തെല്ലാം കുറഞ്ഞത് 10 മീറ്ററായാണ് റോഡിന്റെ വീതി കൂട്ടുന്നത്. ‘ആകെയുള്ള 124 കിലോമീറ്ററില്‍ 100 കിലോമീറ്ററിലും നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി.
124 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇടനാഴിയിലെ എല്ലാ കൈയേറ്റങ്ങളും അധികൃതര്‍ ഒഴിപ്പിച്ചു. വനമേഖലയിലൂടെ കടന്നുപോകുന്ന 12 കിലോമീറ്റര്‍ നീളമുള്ള നേര്യമംഗലം-അടിമാലി ഭാഗത്താണ് ബാക്കിയുള്ള ജോലികള്‍ നടക്കുന്നത്. ‘വനം വകുപ്പിന്റെ അനുമതി ഞങ്ങള്‍ക്ക് ലഭിച്ചു. മരങ്ങള്‍ മുറിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. നേര്യമംഗലത്ത് ഇടനാഴിയിലെ ഏക പ്രധാന പാലത്തിന്റെ പണിയും പുരോഗമിക്കുകയാണ്. വനഭാഗത്തെ പണിയാണ് അവശേഷിക്കുന്നത്’- ഉദ്യോഗസ്ഥന് പറഞ്ഞു.