അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താൻ ശുപാർശ; സ്ഥിരം കുറ്റവാളിയെന്ന് പൊലീസ്
സ്വർണ്ണക്കടത്ത്, ക്വട്ടേഷൻ കേസുകളുള്ള അർജുൻ ആയങ്കി സ്ഥിരം കുറ്റവാളിയെന്നാണ് പൊലീസ് റിപ്പോർട്ട് പറയുന്നത്. റിപ്പോർട്ട് ഡി ഐ ജി കമ്മീഷണർ രാഹുൽ ആർ നായർക്ക് കൈമാറി. ഉത്തരവ് ഇറങ്ങിയാൽ ആയങ്കിക്ക് കണ്ണൂർ ജില്ലയിൽ പ്രവേശിക്കാനാകില്ല.
അർജുൻ ആയങ്കിയും ആകാശ് തില്ലങ്കേരിയും അടങ്ങുന്ന സംഘങ്ങൾ കൊടും ക്രിമിനലുകളാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് ആരോപിച്ചിരുന്നു. ഇവരാരും ഡിവൈഎഫ്ഐയുടെ യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ പോലുമല്ലെന്നും സമൂഹ മാധ്യമങ്ങളിലൂടെ കൊടി പിടിച്ചുള്ള ഫോട്ടോകൾ പ്രചരിപ്പിച്ച് തങ്ങൾ ഡിവൈഎഫ്ഐയാണെന്ന് പ്രചരിപ്പിക്കാൻ ശ്രമിക്കുകയാണ് ഇവരെന്നും സതീഷ് പറഞ്ഞിരുന്നു. ഇവരെ തള്ളി പറയാൻ സംഘടന നേരത്തെ തന്നെ തയ്യാറായതാണെന്നും സജീഷ് പറഞ്ഞു.
പി.ജയരാജന്റെ പ്രതിച്ഛായ തെറ്റായി ഉപയോഗപ്പെടുത്തിയാണ് ആകാശ് തില്ലങ്കേരി, അർജ്ജുൻ ആയങ്കി എന്നീ സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘാംഗങ്ങളുടെ പ്രവർത്തനമെന്ന് ഡിവെഎഫ്ഐ നേതാവ് മനു സി വര്‍ഗ്ഗീസ് വ്യക്തമാക്കിയിരുന്നു. പി ജയരാജൻ തന്നെ തള്ളിപ്പറഞ്ഞിട്ടും പിന്നെയും പുകഴ്ത്തലുമായി എത്തുന്ന ഈ ക്വട്ടേഷൻ സംഘങ്ങളുടെ മനോനിലയ്ക്ക് തകരാറുണ്ട് എന്നായിരുന്നു എംവി ജയരാജന്റെ പ്രതികരണം.
2021 ജൂൺ 28 നാണ് അർജുൻ ആയങ്കിയെ കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 31ന് അർജുൻ ആയങ്കിക്ക് കർശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു.