അർജ്ജുൻറെ ഓർമ്മകൾക്ക് ഇന്നേക്ക് ഒരു വർഷം; ഷിരൂരിൽ മരിച്ചത് അർജുൻ ഉൾപ്പെടെ 11 പേർ

കണ്ണാടിക്കൽ സ്വദേശിയായ ലോറി ഡ്രൈവർ അർജുൻ ഉൾപ്പടെ 11 പേരുടെ ജീവനെടുത്ത ഷിരൂർ ദുരന്തത്തിന് ഇന്നേക്ക് ഒരു വർഷം തികയുന്നു. 2024 ജൂലൈ 16നായിരുന്നു ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായത്. 72 ദിവസം നീണ്ടുനിന്ന രക്ഷാ ദൗത്യത്തിനൊടുവിലാണ് അർജുന്റെ മൃതദേഹാവശിഷ്ടവും ട്രക്കും ഗംഗാവലി പുഴയുടെ അടിത്തട്ടിൽ നിന്ന് കണ്ടെടുത്തത്.
കർണാടക ഷിരൂരിലെ ദേശീയപാത 66-ൽ ജൂലൈ പതിനാറിന് രാവിലെ എട്ടേ കാലോടെയാണ് ദുരന്തമുണ്ടായത്. മണ്ണും പാറയും ചെളിയും ദേശീയപാതയിലേക്ക് ഇരച്ചെത്തിയതോടെ ഒരു ചായക്കടയും സമീപത്തെ വീടുകളും തകർന്നു. മലയാളി ഡ്രൈവറായ അർജുൻ ഉൾപ്പെടെ നിരവധി പേരെ കാണാതായി. കനത്ത മഴ കാരണം രക്ഷ പ്രവർത്തനങ്ങളും തടസ്സപ്പെട്ടു.

ജൂലൈ 20-ന് പുഴയിൽ സോണാർ, റഡാർ പരിശോധനകൾ നടത്തി. ജൂലൈ 25ന് തിരച്ചിലിന് മലയാളി മേജർ ജനറൽ എം ഇന്ദ്രബാലനും സംഘവും എത്തി. പിന്നീട് ജൂലൈ 27ന് സന്നദ്ധപ്രവർത്തകൻ ഈശ്വർ മാൽപെയും സംഘവും തിരച്ചിലിന് എത്തുന്നു. ജൂലൈ 28ന് ദൗത്യം താൽക്കാലികമായി നിർത്തിയെങ്കിലും പ്രതിഷേധത്തെ തുടർന്ന് ദൗത്യം തുടരുമെന്ന് അറിയിക്കുന്നു. പല വാഹനങ്ങളുടേയും ഹൈഡ്രോളിക് ജാക്കിയും മറ്റു ഭാഗങ്ങളും കിട്ടിയെങ്കിലും അർജുന്റെ ലോറിയുടേതാണെന്ന് സ്ഥിരീകരിക്കാനായില്ല. തിരച്ചിലിന്റെ രണ്ടാംഘട്ടം ഓഗസ്റ്റ് 13-നാണ് ആരംഭിച്ചത്. ഓഗസ്റ്റ് 14 ന് നാവികസേന ലോറിയിലുണ്ടായിരുന്ന വടം കണ്ടെത്തി.
തിരച്ചിലിന്റെ മൂന്നാം ഘട്ടം സെപ്തംബർ 20ന് ആരംഭിച്ചു. ഗോവയിൽ നിന്ന് ഡ്രഡ്ജർ എത്തിച്ച് തിരച്ചിൽ ആരംഭിച്ചു. സെപ്തംബർ 21ന് മറ്റൊരു ലോറിയുടെ സ്റ്റിയറിങ്, ക്ലച്ച്, ടയർ ഭാഗങ്ങൾ കണ്ടെത്തി. സെപ്തംബർ 22ന് അധികൃതരുമായുള്ള തർക്കത്തെ തുടർന്ന് ഈശ്വർ മാൽപെ തിരച്ചിൽ നിർത്തി. സെപ്തംബർ 23ന് ഇന്ദ്രബാലന്റെ നേതൃത്വത്തിൽ വീണ്ടും തിരച്ചിൽ. ഒടുവിൽ 72 ദിവസത്തെ കാത്തിരിപ്പിനൊടുവിൽ സെപ്തംബർ 25ന് പുഴയിൽ ലോറിയുടെ കാബിനിൽ അർജുന്റെ മൃതദേഹഭാഗങ്ങൾ കണ്ടെത്തുകയായിരുന്നു.