“പൈലറ്റ് ഉടന്‍തന്നെ PAN PAN PAN എന്ന് മൂന്നുതവണ സന്ദേശം കൈമാറി”
എന്ജിന് തകരാർ സംഭവിച്ച വിമാനത്തിലെ പൈലറ്റ് നൽകിയ പാൻ അലെർട്ട്

ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഗോവയിലേക്ക് പറന്നുയര്‍ന്ന വിമാനം എന്ജിന് തകരാറിനെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കിയത് കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. അഹമ്മദാബാദ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ അപകടം കണ്മുന്നിലൂടെ തെന്നിമാറിയതും വിമാനത്തിലുണ്ടായിരുന്നവരെല്ലാം സുരക്ഷിതമായി തിരിച്ചെത്തിയ ഈ വാര്‍ത്ത ആശ്വാസത്തോടെയാണ് നമ്മൾ സ്വീകരിച്ചത്
191 യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനത്തിന്റെ എന്ജിന് തകരാറുള്ളതായി അല്പദൂരം പിന്നിട്ടപ്പോഴാണ പൈലറ്റ് മനസ്സിലാക്കുന്നത്. അപ്പോള്‍ സമയം രാത്രി 9.27. ഭുവനേശ്വറില്‍ നിന്ന് 100 നോട്ടിക്കല്‍ മൈല്‍ വടക്കുഭാഗത്തായിട്ടായിരുന്നു വിമാനം. ഏതായാലും സമയോചിതമായി ഇടപെട്ട പൈലറ്റ് ഉടന്‍തന്നെ PAN PAN PAN എന്ന് മൂന്നുതവണ സന്ദേശം കൈമാറി. 9.53ന് വിമാനം മുംബൈ വിമാനത്താവളത്തില്‍ നിലത്തിറക്കുമ്ബോഴേക്കും അഗ്നിരക്ഷാസേനയും ആംബുലന്‍സുകളും അടക്കമുള്ളവ ഏത് അടിയന്തരസാഹചര്യത്തെയും നേരിടാന്‍ തയ്യാറായി വിമാനത്താവളത്തില്‍ സജ്ജമായിരുന്നു.
ഒപ്പം മറ്റൊരു കാര്യവും ചര്‍ച്ചയായി..എന്താണ് പൈലറ്റ് നടത്തിയ പാന്‍ കോള്‍. ജീവന് അപകടത്തിലാണെന്ന് സൂചിപ്പിക്കുന്ന മെയ്ഡേ കോള്‍ പലര്‍ക്കും സുപരിചിതമാണ്. എന്നാല്‍ പാന്‍ കോള്‍ സന്ദേശം ആദ്യമായിട്ടായിരുന്നു പലരും കേട്ടത്.
എന്താണ് പാന്‍ അലേര്‍ട്ട്?
വൈമാനികരും നാവികരും ഉപയോഗിക്കുന്ന രാജ്യാന്തര റേഡിയോ അടിയന്തര സിഗ്നലാണ് പാന്‍ ജാഗ്രത നിര്‍ദേശം. വിമാനത്തിനോ ജീവനോ ഉടനടി ഭീഷണി ഇല്ലാത്ത, എന്നാല്‍ പെട്ടെന്ന് ശ്രദ്ധ ആവശ്യമുള്ള ഗുരുതരമായ പ്രശ്നങ്ങള്‍ നേരിടുമ്ബോഴാണ് പൈലറ്റുമാര്‍ ഈ സിഗ്നല്‍ ഉപയോഗിക്കാറുള്ളത്. എന്ജിന് ഭാഗികമായി തകരാറിലാണ്, വിമാനത്തില്‍ മെഡിക്കല്‍ എമര്‍ജന്‍സിയുണ്ട്, ഇന്ധനം കുറവാണ്, ഗുരുതരമല്ലാത്ത മെക്കാനിക്കല്‍ തകരാറുകള്‍ കാണുന്നു, അല്ലെങ്കില്‍ തീപിടുത്തമുണ്ടായിട്ടുണ്ട്. തുടങ്ങി വിമാനം അടിയന്തരമായി നിലത്തിറങ്ങേണ്ട സാഹചര്യമുണ്ട് എന്ന് സൂചിപ്പിക്കുന്നതാണ് പൈലറ്റ് നടത്തുന്ന പാന്‍ കോള്‍. മെയ്ഡേ കോളിനേക്കാള്‍ ഒരു പടി താഴെയാണ് പാന്‍ കോള്‍. ഗുരുതരമായിട്ടുള്ളതല്ലെങ്കിലും വിമാനം ഭീഷണി നേരിടുന്നുണ്ട് എന്ന സൂചന.
ഫ്രഞ്ചില്‍ നിന്നാണ് പാന്‍ എന്ന പദത്തിന്റെ ഉല്പത്തി. ഫ്രഞ്ചില്‍ panne(pan) എന്നുപറഞ്ഞാല്‍ ഏതെങ്കിലും തരത്തിലുള്ള മെക്കാനിക്കല്‍ തകരാറുണ്ടെന്നാണ് സൂചിപ്പിക്കുന്നത്. ശ്രദ്ധ ആവശ്യമുണ്ട്, കഴിയാവുന്ന സഹായം ആവശ്യമുണ്ട് എന്നെല്ലാമാണ് സന്ദേശത്തിലടൂടെ അര്‍ഥമാക്കുന്നത്.
മൂന്നുതവണ സന്ദേശം ആവര്‍ത്തിക്കുന്നത് എന്തിനിന്നാണ് മറ്റൊരു സംശയം …നല്കുന്ന സന്ദേശത്തിലെ കൃത്യത ഉറപ്പുവരുത്തുന്നതിനാണ് മൂന്നുതവണ ആവര്‍ത്തിക്കുന്നത്. പൈലറ്റിന്റെ സന്ദേശത്തില്‍ ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാന്‍ ഇത് സഹായിക്കും.