തൊടുപുഴ നഗരത്തിൽ യാത്രക്കാരെ ഭീതിയിലാക്കി തെരുവുനായ്ക്കളുടെ വിളയാട്ടം

തൊടുപുഴ നഗരത്തിൽ വഴിയോരങ്ങൾ ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ യാത്രക്കാരെ ഭീതിയിലാക്കി തെരുവുനായ്ക്കളുടെ വിളയാട്ടം. വെങ്ങല്ലൂർ ജംക്ഷനിലെ വഴിയോരം തെരുവുനായ്ക്കൾ വിഹരിക്കുകയാണ് . ദിനംപ്രതി ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന തിരക്കേറിയ ജംക്ഷനിൽ നായ്ക്കൾ വാഹനങ്ങൾ പോകുമ്പോൾ പിന്നിൽ പോകുന്നത് അപകടസാധ്യത വർധിപ്പിക്കുന്നു. അതിരാവിലെ നടക്കാൻ ഇറങ്ങുന്നവരുടെയും കാൽനട യാത്രക്കാരുടെയും പിറകെ കുരച്ചുകൊണ്ട് നായ്ക്കൾ ആക്രമിക്കാൻ ഓടിയെത്തുന്നതും പതിവുകാഴ്ചയാണ്.രാവിലെ ബസ് സ്റ്റാൻഡുകളുടെ പരിസരത്തു കൂടി അലയുന്ന ഇവ വിദ്യാർഥികൾക്ക് ഉൾപ്പെടെ ഏറെ ഭീഷണിയാണ്. നഗരത്തിൽ ബസ് സ്റ്റാൻഡുകൾ ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ യാത്രക്കാരെ ഭീതിയിലാക്കി തെരുവുനായ്ക്കളുടെ വിളയാട്ടം കൂടുതലാണ്. മഠത്തിക്കണ്ടം ജംക്ഷൻ, മങ്ങാട്ടുകവല, കോതായിക്കുന്ന്, മാർക്കറ്റ് റോഡ് എന്നിവിടങ്ങളിലും രാപകൽ വ്യത്യാസമില്ലാതെ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായിട്ട് നാളുകളായി. അലഞ്ഞുതിരിയുന്ന നായ്ക്കളെ നിയന്ത്രിക്കാൻ അധികൃതർ ഒരു നടപടിയും എടുക്കുന്നില്ല എന്ന ആക്ഷേപം ശക്തമാണ്