ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകയും ആക്ടിവിസ്റ്റുമായ ബിന്ദു അമ്മിണി

ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകയും ആക്ടിവിസ്റ്റുമായ ബിന്ദു അമ്മിണി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു . പമ്പാനദിക്കരയില്‍ നടത്താനിരിക്കുന്ന സംഗമത്തില്‍ പോലും പത്തിനും അമ്പതിനും ഇടയില്‍ പ്രായമുളള സ്ത്രീകളെ പ്രതിനിധികളായി പങ്കെടുപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല എന്നത് ദുഖകരമാണെന്നും സ്ത്രീ എന്ന നിലയില്‍ ആത്മാഭിമാനത്തെ വ്രണപ്പെടുത്തുന്നതാണെന്നും ബിന്ദു അമ്മിണി മുഖ്യമന്ത്രിക്കെഴുതിയ തുറന്ന കത്തില്‍ പറയുന്നു.
സുപ്രീംകോടതിയുടെ ഐതിഹാസികമായ ശബരിമല സ്ത്രീ പ്രവേശന വിധിയെത്തുടര്‍ന്ന് അവിടെ ദര്‍ശനം നടത്താന്‍ കഴിഞ്ഞ ഭാഗ്യവതികളില്‍ ഒരാളാണ് താനെന്നും തന്നെപ്പോലെ ശബരിമല ദര്‍ശനം നടത്താനാഗ്രഹിക്കുന്ന യുവതികള്‍ കേരളത്തിനകത്തും പുറത്തുമുണ്ടെന്നും ബിന്ദു അമ്മിണി പറയുന്നു. സുപ്രീംകോടതി വിധിയെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ ശനി ക്ഷേത്രത്തിലും സ്ത്രീ പ്രവേശനം നടന്നുവെന്നും ആ സംസ്ഥാനത്തെ സര്‍ക്കാര്‍ അതിനുവേണ്ട സജ്ജീകരണങ്ങളൊരുക്കുകയും ആയിരക്കണക്കിന് സ്ത്രീകള്‍ ക്ഷേത്ര ദര്‍ശനം നടത്തുകയും ചെയ്തെന്നും ബിന്ദു അമ്മിണി പറഞ്ഞു.
‘സ്ത്രീവിരുദ്ധവും ഭരണഘടനാ വിരുദ്ധവും എന്ന് സുപ്രീംകോടതി കണ്ടെത്തിയ ഒരു അനാചാരത്തിന്റെ പേരിലാണ് യുവതികള്‍ക്ക് ശബരിമലയില്‍ ദര്‍ശനം നിഷേധിക്കപ്പെട്ടത്. അങ്ങയുടെ ഗവണ്മെന്റ് സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ ശ്രമിച്ചതുകൊണ്ടും സുരക്ഷ ഒരുക്കിയതു കൊണ്ടുമാണ് അന്ന് ദര്‍ശനം നടത്താന്‍ കഴിഞ്ഞത്. സ്ത്രീ സമത്വവും സുരക്ഷയും ഉയര്‍ത്തിപ്പിടിക്കുന്നു എന്ന് അവകാശപ്പെടുന്ന കേരള സര്‍ക്കാര്‍ സ്ത്രീകളുടെ അഭിമാനം സംരക്ഷിക്കാന്‍ ജാഗ്രത കാണിക്കും എന്നാണ് പുരോഗമന കേരളം പ്രതീക്ഷിക്കുന്നത്. കേരളാ സര്‍ക്കാര്‍ സെപ്റ്റംബര്‍ 20ന്- പമ്പയില്‍ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തില്‍ അയ്യപ്പ ഭക്തയും സുപ്രീംകോടതി ഉത്തരവിലൂടെ ശബരിമല പ്രവേശനം നടത്തിയവരില്‍ ഒരാളുമായ എന്നെ പങ്കെടുക്കാന്‍ അനുവദിക്കണം എന്ന് അപേക്ഷിക്കുന്നു’-എന്നാണ് ബിന്ദു അമ്മിണി കത്തില്‍ പറയുന്നത്