അമേരിക്കക്ക് ഇന്ത്യയേയും ചൈനയെയും തൊടാനാകില്ലെന്ന് റഷ്യ; ട്രംപിൻറെ ഭീഷണിക്ക് വഴങ്ങാതെ തലയുയർത്തി നിൽക്കുന്ന ഇന്ത്യ

ഇന്ത്യക്കും ചൈനക്കും തീരുവ ഏര്‍പ്പെടുത്തിയ അമേരിക്കൻ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ് രംഗത്ത് വന്നു. ഇന്ത്യയും ചൈനയും അന്ത്യശാസനങ്ങള്‍ക്ക് മുന്നില്‍ വഴങ്ങുന്നവരല്ലെന്ന് അദ്ദേഹം പറഞ്ഞു. റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താനാണ് അമേരിക്ക പറയുന്നത്. എന്നാൽ ഇതുമൂലം പുതിയ വിപണികള്‍ കണ്ടെത്താന്‍ രാജ്യങ്ങള്‍ നിര്‍ബന്ധിതരാകും. അതിന് കൂടുതല്‍ പണം നല്‍കേണ്ടി വരുമെന്നും സെര്‍ജി ലാവ്റോവ് പറഞ്ഞു.
എങ്കിലും ഭീഷണിസ്വരത്തിലുള്ള ട്രംപിന്റെ വാക്കുകള്‍ ഇന്ത്യയും ചൈനയും മുഖവിലക്കെടുക്കാന്‍ ഇടയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് നിര്‍ത്താന്‍ ചൈനയോടും ഇന്ത്യയോടും അമേരിക്ക ആവശ്യപ്പെടുന്നതിലൂടെ, ഈ രാജ്യങ്ങള്‍ അമേരിക്കയില്‍ നിന്നും കൂടുതല്‍ അകലുകയാണ് ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു.
റഷ്യയിലെ പ്രധാന ചാനലായ ‘ചാനല്‍ 1 ടിവി’-യുടെ ‘ദി ഗ്രേറ്റ് ഗെയിം’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ലാവ്റോവ്.
അമേരിക്കയുടെ ഇത്തരം സമ്മര്‍ദം ഇരു രാജ്യങ്ങളെയും പുതിയ ഊര്‍ജ്ജ വിപണികളും പുതിയ സ്രോതസ്സുകളും തേടാന്‍ നിര്‍ബന്ധിതരാക്കും. ചൈനയും ഇന്ത്യയും ഏറെ ചരിത്രമുള്ള നാഗരികതകളാണ്. അവരോട് ‘എനിക്ക് ഇഷ്ടമല്ലാത്തത് നിങ്ങൾ ചെയ്താൽ, ഞാന്‍ തീരുവ ചുമത്തും’ എന്നൊക്കെ പറയുന്നത് വിലപ്പോവില്ലെന്നും ലാവ്റോവ് പറഞ്ഞു.
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനെ ചൊല്ലിയാണ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയ്ക്ക് അധിക തീരുവ ചുമത്തിയത്. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിലൂടെ ഇന്ത്യ യുക്രെയ്നിലെ യുദ്ധത്തിന് ധനസഹായം നല്കുന്നു എന്നാണ് ട്രംപ് പറയുന്നത്.
ഇന്ത്യയുമായുള്ള തങ്ങളുടെ ബന്ധം തകര്‍ക്കാനുള്ള ഏതു ശ്രമവും ചെറുത്ത് തോല്‍പ്പിക്കുമെന്ന് റഷ്യ നേരത്തെ വ്യക്തമാക്കിയരുന്നു. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്നത് ഊഷ്മളവും വളരുന്നതുമായ ബന്ധമാണെന്ന് വ്യക്തമാക്കിയ റഷ്യന്‍ വിദേശകാര്യമന്ത്രാലയം സഹകരണം തുടരാനുള്ള ഇന്ത്യന്‍ നിലപാടിനെ സ്വാഗതം ചെയ്തു.
അമേരിക്കയുടെ സമ്മര്‍ദ്ദങ്ങളും ഭീഷണികളും ഉണ്ടായിരുന്നിട്ടും, റഷ്യയുമായുള്ള സഹകരണം തുടരാൻ ഇന്ത്യ ശ്രമിക്കുന്നത് സ്വാഗതാര്‍ഹമാണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഇന്ത്യ-റഷ്യ ബന്ധം സ്ഥിരതയോടെയും ആത്മവിശ്വാസത്തോടെയും പുരോഗമിക്കുകയാണെന്നും ഈ പ്രക്രിയയെ തടസ്സപ്പെടുത്താനുള്ള ഏതൊരു ശ്രമവും പരാജയപ്പെടുമെന്നും സര്‍ക്കാര്‍ മാധ്യമമായ ആര്.ടിക്ക് നല്കിയ മറുപടിയില്‍ മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യയും റഷ്യയും തന്ത്രപ്രധാന മേഖലകളിലടക്കം സംയുക്ത പദ്ധതികളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഇതില്‍ സിവിലിയന്‍, പ്രതിരോധ മേഖല, മനുഷ്യ ബഹിരാകാശ ദൗത്യങ്ങള്‍, ആണവോര്‍ജ്ജം, റഷ്യന്‍ എണ്ണ പര്യവേക്ഷണ പദ്ധതികളിലെ ഇന്ത്യന്‍ നിക്ഷേപങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. കൂടാതെ മറ്റ് പല മേഖലകളിലും ഇരു രാജ്യങ്ങളും നിലവില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രാലയം എടുത്തുപറഞ്ഞു. ഈ ശ്രമങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളതാണ്. ഇതൊന്നും ഒരു സുപ്രഭാതത്തിൽ പൊട്ടി മുളച്ചതല്ലെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
ബ്രിട്ടനിലേക്കുള്ള തന്റെ സന്ദർശന വേളയിൽ ട്രംപ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള തന്റെ അടുത്ത ബന്ധം തുറന്നുപറഞ്ഞിരുന്നു. “ഞാൻ ഇന്ത്യയുമായി വളരെ അടുപ്പത്തിലാണ്, ഇന്ത്യൻ പ്രധാനമന്ത്രിയുമായി എനിക്ക് വളരെ നല്ല ബന്ധമുണ്ട്. കഴിഞ്ഞ ദിവസം ഞാൻ അദ്ദേഹത്തോട് സംസാരിച്ചു, ജന്മദിനാശംസകൾ നേർന്നു. ഞങ്ങൾക്ക് വളരെ നല്ല ബന്ധമുണ്ട്,” എന്ന് ട്രംപ് പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. ഈ മനംമാറ്റം സൂചിപ്പിക്കുന്നത്, ഇനിയും വെറുതെ താരിഫുകൾ ചുമത്തി മേൽക്കോയ്മ നേടാൻ അമേരിക്കക്ക് കഴിയില്ലെന്ന് തന്നെയാണ്.
ലോകത്ത് അമേരിക്കയുടെ ഏകാധിപത്യം അവസാനിച്ചു എന്നതിന്റെ വ്യക്തമായ സൂചനയാണ് ലാവ്റോവിന്റെ വാക്കുകൾ. ചൈനയും ഇന്ത്യയും സ്വന്തം താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ കൂടുതൽ ശക്തരായിരിക്കുന്നു. അമേരിക്കയുടെ ഭീഷണികൾക്ക് മുന്നിൽ ഇവർ മുട്ടുമടക്കില്ലെന്ന് തെളിയിച്ചു.
ഇന്ത്യക്കെതിരേ ചുമത്തിയ 25 ശതമാനം പിഴത്തീരുവ അമേരിക്ക പിന്‍വലിച്ചേക്കുമെന്നും റിപോര്‍ട്ട് ഉണ്ട് . നവംബര്‍ 30ന് ശേഷം ഇത് പിന്‍വലിച്ചേക്കുമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ത നാഗേശ്വരന്‍ ആണ് അറിയിച്ചത്.
ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംബന്ധിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ കയറ്റുമതി പ്രതിവര്‍ഷം 850 ബില്യന്‍ യുഎസ് ഡോളറാണെന്നും, ഇത് ഒരു ട്രില്യന്‍ ഡോളറായി വര്‍ധിക്കുന്ന പാതയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.