എച്ച്-1ബി വിസ ഫീസ് നിയമക്കുരുക്കിലേക്ക്, ട്രംപ് സര്‍ക്കാര്‍ തീരുമാനത്തിനെതിരെ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സ്

എച്ച്-1 ബി വിസ അപേക്ഷകള്‍ക്ക് 100,000 ഡോളര്‍ ഫീസ് ചുമത്തിയ ട്രംപ് ഭരണ കൂടത്തിന്റെ തീരുമാനത്തിനെതിരെ നിയമ നടപടിക്ക് യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സ്. നിലവിലുള്ള ഇമിഗ്രേഷന്‍ നിയമത്തിന്റെ ലംഘനമാണ് എച്ച്-1ബി വിസ നയത്തിലെ മാറ്റം എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. വിസയ്ക്ക് നല്‍കേണ്ട ഉയര്‍ന്ന ഫീസ് പല തൊഴിലുടമകള്‍ക്കും, പ്രത്യേകിച്ച് സ്റ്റാര്‍ട്ടപ്പുകള്‍, ചെറുകിട ബിസിനസുകള്‍ എന്നിവയില്‍ വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികളെ നിയമിക്കുന്നത് അസാധ്യമാക്കുമെന്നാണ് യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സിന്റെ വാദം.
പുതിയ ഫീസ് ഇമിഗ്രേഷന്‍ ആന്‍ഡ് നാഷണാലിറ്റി ആക്ട് നിശ്ചയിച്ചിട്ടുള്ള പരിധികള്‍ക്കപ്പുറമാണെന്ന് ചേംബര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യക്കാരുള്‍പ്പെടെ വിദേശികള്‍ക്ക് യുഎസില്‍ ജോലി ചെയ്യാന്‍ അനുവദിക്കുന്ന എച്ച്1ബി വിസയുടെ ഫീസ് കഴിഞ്ഞ മാസമാണ് ട്രംപ് ഭരണകൂടം കുത്തനെകൂട്ടിയത്. നൂറിരട്ടിയോളമാണ് നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. എച്ച്1ബി വിസയ്ക്ക് ഇനിമുതല്‍ 100000 യുഎസ് ഡോളര്‍ ഫീസ് നല്‍കേണ്ടിവരും. ഔദ്യോഗിക പ്രഖ്യാപനം അനുസരിച്ച്, എച്ച്1ബി വിസ അപേക്ഷകരെ സ്പോണ്സര് ചെയ്യുന്നതിന് കമ്പനികള്‍ നല്‍കേണ്ട ഫീസ് ഇതോടെ 90 ലക്ഷം രൂപയോളം ആയിരിക്കും.
എന്നാല്‍, എച്ച്-1ബി വിസകള്‍ക്ക് പുതുതായി പ്രഖ്യാപിച്ച 100,000 ഡോളര്‍ വാര്‍ഷിക ഫീസുമായി ബന്ധപ്പെട്ട ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് വൈറ്റ് ഹൗസ് വിശദീകരണം. ഈ ഫീസ് ഒറ്റ തവണത്തേക്ക് മാത്രം ഈടാക്കുന്നതാണെന്നും ഇത് പുതിയ അപേക്ഷകര്‍ക്ക് മാത്രമേ ബാധകമാകൂവെന്നും വര്‍ഷം തോറും ഈടാക്കില്ലെന്നും വ്യക്തമാക്കിയിരുന്നു.