വീണ്ടും വെള്ളത്തിൽ ചാടൽ പരിപാടിയുമായി രാഹുൽ ഗാന്ധി; കോൺഗ്രസിനെയും രാഹുലിനേയും നിർത്തിപ്പൊരിച്ച് ബിഹാറിൽ നരേന്ദ്രമോദിയുടെ പര്യടനം
കുറച്ച് നാളുകളായി നിർത്തി വെച്ചിരുന്ന ചായക്കടയിലെ ഇടിച്ച് കയറലും, ഗ്രാമങ്ങളിൽ പോയി റൊട്ടി തിന്നലും, കടലിലും, പുഴയിലും ചാടുന്നതും ഒക്കെ ബീഹാർ ഇലക്ഷൻ പ്രമാണിച്ച് തിരികെ കൊണ്ട് വരുകയാണ് ഭാവി പ്രധാനമന്ത്രി.
ബിഹാറില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കുളത്തില്‍ ചാടിക്കൊണ്ടാണ് പഴയ പരിപാടികൾക്ക് രാഹുൽ ഗാന്ധി തുടക്കം കുറിച്ചത്. ബിഹാറിലെ ബെഗുസരായിലെ ഒരു കുളത്തിലേക്കാണ് പ്രാദേശിക മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം രാഹുല്‍ ഗാന്ധി എടുത്ത് ചാടിയത്. പഴയ വിപ്ലവകാരിയും, ഇപ്പോൾ കോണ്‍ഗ്രസ് നേതാവുമായ കനയ്യ കുമാറും ഇന്‍ഡ്യാ സഖ്യത്തിലെ കക്ഷിയായ വികാസ് ശീൽ ഇന്സാന് പാര്‍ട്ടിയുടെ നേതാവും മുന്‍ മന്ത്രിയുമായ മുകേഷ് സാഹ്നിയും രാഹുലിനൊപ്പമുണ്ടായിരുന്നു.
പതിവ് വേഷമായ വൈറ്റ് ടീ ഷര്‍ട്ടും കാര്‍ഗോ പാന്റും ധരിച്ച രാഹുല്‍ തോണിയില്‍ നിന്നും വെളളത്തിലേക്ക് ചാടിയതോടെ കൂടി നിന്നവര്‍ ആവേശത്തിലായി. അങ്ങനെ രാഹുല്‍ ഗാന്ധി സിന്ദാബാദ് എന്ന വിളികളോടെ അണികള്‍ വെള്ളത്തിൽ ഇറങ്ങിയും ആവേശം പ്രകടിപ്പിച്ചു. രാഹുല്‍ തോണിയില്‍ നിന്നും ചാടുന്നതിന്റെയും മത്സ്യത്തൊഴിലാളികളുമായി സംവദിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ഈ വീഡിയോ കോണ്‍ഗ്രസ് ഔദ്യോഗിക എക്സ് അക്കൗണ്ടിലും രാഹുല്‍ ഗാന്ധിയുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളിലും പങ്കുവെച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധി മത്സ്യത്തൊഴിലാളികളുമായി അവര്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും പോരാട്ടങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തുവെന്നും കോണ്‍ഗ്രസ് എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
ബെഗുസരായില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രാഹുല്‍ ഗാന്ധി രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. മോദി വോട്ടിന് വേണ്ടി നാടകം കളിക്കുകയാണെന്നും തെരഞ്ഞെടുപ്പിന് ശേഷം വാഗ്ദാനങ്ങള്‍ പാലിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. മോദിയുടെ യോഗയും നൃത്തവുമെല്ലാം അദാനിക്കും അംബാനിക്കും വേണ്ടിയാണെന്നും ജിഎസ്ടി, നോട്ട് നിരോധനം തുടങ്ങി മോദി സര്‍ക്കാരിന്റെ എല്ലാ പ്രധാന തീരുമാനങ്ങളും ചെറുകിട വ്യവസായങ്ങളെ നശിപ്പിക്കാനും വന്‍കിട വ്യവസായങ്ങള്‍ക്ക് പ്രയോജനം ചെയ്യാനും മാത്രം ലക്ഷ്യം വെച്ചുള്ളത് ആണെന്നും രാഹുല്‍ കുറ്റപ്പെടുത്തുകയും ചെയ്തു.
അതേസമയം ബിഹാറില്‍ കോണ്‍ഗ്രസിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി തകർപ്പൻ പ്രസംഗങ്ങളാണ് നടത്തുന്നത്. പാകിസ്താനൊപ്പം കോണ്‍ഗ്രസും ഓപ്പറേഷന് സിന്ദൂറിന്റെ ഞെട്ടലിലാണെന്നും പ്രതിപക്ഷം ബിഹാറില്‍ നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ആര്‍ജെഡി കോണ്‍ഗ്രസില്‍ നിന്നും മുഖ്യമന്ത്രിസ്ഥാനം തട്ടിയെടുത്തു എന്നും പ്രധാനമന്ത്രി പറഞ്ഞു. ഇങ്ങനെ തമ്മിൽ അടിച്ച്, ഭിന്നിച്ച് നില്ക്കുന്ന ആളുകളെ വോട്ടര്‍മാര്‍ എങ്ങനെ വിശ്വസിക്കുമെന്നും അദ്ദേഹം ചോദിച്ചു. ബിഹാറിലെ അറായില്‍ നടന്ന എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലായിരുന്നു മോദിയുടെ വിമര്‍ശനം.
‘ഓപ്പറേഷന് സിന്ദൂറിന്റെ വിജയത്തില്‍ നമ്മുടെ രാജ്യം അഭിമാനത്തിലായിരുന്നു. പക്ഷെ കോണ്‍ഗ്രസിനും അവരുടെ സഖ്യകക്ഷിയായ ആര്‍ജെഡിക്കും ആ വിജയം ഇഷ്ടമായില്ല. സ്ഫോടനങ്ങളുണ്ടായത് പാകിസ്താനിലാണെങ്കിലും ഉറക്കമില്ലാത്ത രാത്രികള്‍ കോണ്‍ഗ്രസ് രാജകുടുംബത്തിനായിരുന്നു. പാകിസ്താനും കോണ്‍ഗ്രസും ഓപ്പറേഷന് സിന്ദൂറിന്റെ ഞെട്ടലില്‍ നിന്ന് പുറത്തുവന്നിട്ടില്ല’: എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.
വികസിത ഭാരതം എന്ന പ്രതിജ്ഞയെടുത്ത് എന്‍ഡിഎ മുന്നോട്ടു കുതിക്കുമ്പോൾ, മറുവശത്ത് കോണ്‍ഗ്രസും ആര്‍ജെഡിയും തമ്മിലടിക്കുകയാണെന്നും നരേന്ദ്രമോദി പറഞ്ഞു. ‘കോണ്‍ഗ്രസിന് ഒരു ആര്‍ജെഡി നേതാവിനെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പ്രഖ്യാപിക്കാന്‍ താല്‍പ്പര്യമില്ലായിരുന്നു. പക്ഷെ ആര്‍ജെഡി കോണ്‍ഗ്രസിന്റെ തലയ്ക്ക് തോക്കുചൂണ്ടി മുഖ്യമന്ത്രിസ്ഥാനം മോഷ്ടിച്ചെടുക്കുകയായിരുന്നു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതരായി’എന്നും നരേന്ദ്രമോദി പറഞ്ഞു.
നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുന്നവരാണ് പ്രതിപക്ഷ പാര്‍ട്ടികളെന്നും പ്രധാനമന്ത്രി ആരോപിച്ചു. നുഴഞ്ഞുകയറ്റക്കാര്‍ ബിഹാര്‍ പിടിച്ചടക്കുന്നത് നിങ്ങള്‍ അംഗീകരിക്കുമോ? ഇൻഡി സഖ്യം ക്രിമിനലുകളെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. അവരുടെ ലക്ഷ്യങ്ങള്‍ അപകടമാണ്. അതുകൊണ്ട് നിങ്ങള്‍ ആര്‍ജെഡിയെയും കോണ്‍ഗ്രസിനെയും കരുതിയിരിക്കണം. അവര്‍ ജംഗിള്‍ രാജ് പാഠശാലയിലാണ് പഠിച്ചത് എന്നും മോദി പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂർ എന്തായാലും കോൺഗ്രസ്സിന് വലിയ തിരിച്ചടികൾ നൽകും. അത് അനാവശ്യമായ വിമര്‍ശനങ്ങളിലൂടെ രാഹുൽ ഗാന്ധി എന്ന ഒരാൾ മാത്രം ഉണ്ടാക്കി വെച്ചതാണ്. നിരന്തരമായി, പല വേദികളിലും ഇന്ത്യയുടെ വിമാനങ്ങൾ പാകിസ്ഥാൻ വെടി വെച്ചിട്ടു എന്ന ചോദ്യം ഉയർത്തി സ്വയം അപഹാസ്യനായി മാറുകയായിരുന്നു രാഹുൽ. നോർത്ത് ഇന്ത്യയിലും അതിർത്തി സംസ്ഥാനങ്ങളിലും ഒക്കെ ഏറെ ഭീതി ഉയർത്തുന്ന ഒന്നാണ് അയാൾ രാജ്യങ്ങളുടെ ആക്രമണം. പ്രധാനമന്ത്രിയെ ആക്രമിക്കാനായി മാത്രം ആ വിഷയം തെറ്റായ രീതിയിൽ അവതരിപ്പിച്ചത് വരാൻ പോകുന്ന ഇലക്ഷനുകളിൽ കോൺഗ്രസ്സിന് തിരിച്ചടിയായി മാറും എന്നത് ഉറപ്പാണ്













