ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് സമാപനം
ബിഹാറിലെ ആദ്യഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. പട്ന അടക്കം 18 ജില്ലകളിലെ 121 മണ്ഡലങ്ങളിലാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുക. വോട്ടെടുപ്പ് അടുത്തതോടെ മുന്നണികള്‍ പ്രചാരണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.
ഇന്ത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് ബിഹാറില്‍ മൂന്ന് യോഗങ്ങളില്‍ പങ്കെടുക്കും. അവസാന റൌണ്ട് പ്രചാരണത്തിന് മേല്‍നോട്ടം വഹിക്കാന്‍ കെസി വേണുഗോപാലും ബിഹാറിലുണ്ട്. ബിജെപി നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായുടെ രണ്ട് യോഗങ്ങളാണ് ഇന്ന് നിശ്ചയിച്ചിരിക്കുന്നത്.
ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുടെ റോഡ് ഷോയും ഇന്ന് ഗയയില്‍ നടക്കും. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധിയും ബിഹാറില്‍ പ്രചാരണയോഗങ്ങളിൽ പങ്കെടുത്തിരുന്നു. ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന 121 സീറ്റില്‍ 2020 ല്‍ മഹാസഖ്യം 61 സീറ്റ് നേടിയിരുന്നു. അതേസമയം ബിഹാറില്‍ ഇത്തവണ എന്‍ഡിഎയ്ക്ക് മുന്‍തൂക്കമെന്നാണ് ദൈനിക് ഭാസ്കര്‍ സര്‍വേയില്‍ പറയുന്നത്. 153 മുതല്‍ 160 സീറ്റ് വരെ എന്‍ഡിഎ നേടിയേക്കാമെന്നാണ് പ്രവചനം.












