പത്താം തവണയും ബിഹാർ ഭരിക്കാൻ നിതീഷ് കുമാർ എത്തുന്നു; ബിഹാറിൽ കോൺഗ്രസിനെ വെല്ലുന്ന പ്രകടനവുമായി ഇടത് കക്ഷികൾ
ബിഹാറില്‍ എന്‍ഡിഎ സഖ്യം ചരിത്രനേട്ടത്തിലേക്ക്ക് കുതിക്കുമ്പോൾ എല്ലാം തകർന്ന് കിതയ്ക്കുകയാണ് കോൺഗ്രസ്സ്. എന്നാൽ ബിജെപി – ജെ ഡി യു കൂട്ടുകെട്ടിന്റെ ഈ വലിയ കുതിപ്പിലും, കാര്യമായ നാണക്കേട് ഉണ്ടാകാതെ പിടിച്ച് നിൽക്കുകയാണ് ഇടതുപക്ഷം.
സിപി(ഐഎം)എല്‍, സിപിഎം, സിപിഐ എന്നിവര്‍ ഉള്‍പ്പെട്ട ബിഹാറിലെ ഇടത് ബ്ലോക്ക് ആര്‍ജെഡി നയിക്കുന്ന മഹാഗത്ബന്ധനിലെ പ്രധാന ഗ്രൂപ്പാണ്. 33 സീറ്റിലാണ് ഇടതുപക്ഷം മത്സരിച്ചത്. സിപി(ഐഎം)എല്‍ ഇത്തവണ 20 സീറ്റിലും സിപിഐ 9 സീറ്റിലും സിപിഎം നാല് സീറ്റിലും ആണ് ഇത്തവണ ബിഹാറിൽ ജനവിധി തേടിയത്.
നിലവില്‍ ഈ മൂന്ന് കക്ഷികളും കൂടി 10 സീറ്റില്‍ ആണ് ലീഡ് ചെയ്യുന്നത്. സിപി(ഐഎം)എല്‍ ഏഴ് സീറ്റില്‍ ലീഡ് ചെയ്യുമ്പോള്‍ സിപിഎം രണ്ട് സീറ്റിലും സിപിഐ ഒരു സീറ്റിലും ലീഡ് ചെയ്യുന്നു.
2020 ല്‍ 29 സീറ്റില്‍ മത്സരിച്ച ഇടതുപക്ഷം 16 സീറ്റില്‍ വിജയിച്ചിരുന്നു. അന്ന് 70 സീറ്റില്‍ മത്സരിച്ച് വെറും 19 സീറ്റില്‍ മാത്രം ജയിച്ച കോണ്‍ഗ്രസിനേക്കാള്‍ മികച്ച സ്ട്രൈക്ക് റേറ്റോടെയാണ് ഇടത് പക്ഷം ജയിച്ച് കയറിയത്.
2020 ല്‍ 19 സീറ്റില്‍ മത്സരിച്ച സിപി(ഐഎം)എല്ലിന് 12 സീറ്റില്‍ ജയിക്കാണ് സാധിച്ചു. ആറ് സീറ്റില്‍ മത്സരിച്ച സിപിഐ രണ്ട് സീറ്റിലും നാല് സീറ്റില്‍ മത്സരിച്ച സിപിഎം രണ്ട് സീറ്റിലും വിജയിച്ചു.
അതിനാലാണ് ഇത്തവണ അഞ്ച് സീറ്റ് അധികം ഇടത് ബ്ലോക്കിന് ആര്‍ജെഡി നല്‍കിയത്. എന്നാല്‍ പ്രതീക്ഷിച്ച വിജയം ആവര്‍ത്തിക്കാനായില്ലെങ്കിലും കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായി കോണ്‍ഗ്രസിനേക്കാള്‍ മികച്ച പ്രകടനം ഇത്തവണയും ആദ്യ ഫലസൂചനകളില്‍ ഇടത് പക്ഷത്തിന് നേടാനായിട്ടുണ്ട്.
അതേസമയം ബീഹാർ സംസ്ഥാനത്ത് എന്‍ഡിഎ തുടര്‍ഭരണം ഉറപ്പിച്ചിരിക്കുകയാണ്. വോട്ടെണ്ണലിന്റെ നാലാം മണിക്കൂർ പിന്നിടുമ്പോള്‍ എന്‍ഡിഎയുടെ ലീഡ് നില 190 കടന്നിരിക്കുകയാണ്. ജെഡിയു 75 സീറ്റിലും ബിജെപി 74 സീറ്റിലും ലീഡ് ചെയ്യുന്നു. എൽജെപി രാംവിലാസ് പാസ്വാന് 21 സീറ്റില്‍ ലീഡ് ചെയ്യുന്നു. ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (സെക്യുലര്‍) മൂന്ന് സീറ്റിലും ആര്‍എല്‍എം രണ്ട് സീറ്റിലും ആണ് ലീഡ് ചെയ്യുന്നത്.
അതേസമയം മഹാഗത്ബന്ധന് 45 സീറ്റില്‍ മാത്രമാണ് ലീഡ് ഉള്ളത്. ആര്‍ജെഡി 32 സീറ്റില്‍ ലീഡ് ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് വെറും അഞ്ച് സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. ഇടത് പാര്‍ട്ടികൾ 10 സീറ്റില്‍ ലീഡ് ചെയ്യുന്നു.
എന്നാൽ സംസ്ഥാനത്തെ മൂന്നാം ബദല്‍ എന്ന ലേബലില്‍ എത്തിയ പ്രശാന്ത് കിഷോറിന്റെ ജന്‍ സൂരജ് പാര്‍ട്ടിക്ക് കാര്യമായ സ്വാധീനമുണ്ടാക്കാനായില്ല. നിലവില്‍ ഒരു സീറ്റിലും ജെഎസ്പി ലീഡ് ചെയ്യുന്നില്ല. അസ ദുദ്ദീന് ഒവൈസിയുടെ AI M I M ഒരു സീറ്റിലും ബിഎസ്പി ഒരു സീറ്റിലും ലീഡ് ചെയ്യുന്നു. ആം ആദ്മി പാര്‍ട്ടിക്കും അക്കൗണ്ട് തുറക്കാനായില്ല.
ബിഹാറില്‍ വീണ്ടും നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനത്ത് എത്തുമോ എന്നതാണ് ഇനി അറിയാനുള്ളത്. ഈ വിഷയട്ജിൽ ബിജെപിയുടെ തീരുമാനം നിർണ്ണായകം ആയി മാറും. നിലവിൽ ജെഡിയുവും ബിജെപിയും തുല്യമായ സീറ്റുകളാണ് നേടിയിരിക്കുന്നത്.
എന്തായാലും പട്നയിൽ, മധുര പലഹാരങ്ങളും വലിയ സദ്യയ്ക്കുമുള്ള ഒരുക്കങ്ങൾ ഗംഭീരമായി നടക്കുകയാണ്. ബിജെപി സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗം കൃഷ്ണ സിങ് കല്ലു നിരവധി പലഹാരങ്ങൾക്കാണ് ഓർഡർ നൽകിയിരിക്കുന്നത്. വലിയ പാചക പാത്രത്തിന് മുന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെയും ചിത്രങ്ങൾ വെച്ചാണ് ലഡുവൊക്കെ തയ്യാറാക്കുന്നത്.
ദൃഷ്ടിദോഷം അകറ്റാൻ സമീപത്ത് നാരങ്ങയും മുളകും തൂക്കിയിട്ടിട്ടുണ്ടെന്നും പ്രമേഹരോഗികളായ പ്രവർത്തകരെയും പരിഗണിച്ച് മധുരം കുറച്ചാണ് ലഡു തയ്യാറാക്കിയിരിക്കുന്നതെന്നും തൊഴിലാളികൾ പറയുന്നു.
“ബിഹാറിലെ ജനങ്ങളുടെയും ഞങ്ങളുടെ അർപ്പണബോധമുള്ള പാർട്ടി പ്രവർത്തകരുടെയും കഠിനാധ്വാനത്തിന്റെ ഫലമാണ് എക്സിറ്റ് പോൾ ഫലങ്ങൾ. ഇത്തവണയും എൻഡിഎ സർക്കാർ തന്നെ അധികാരത്തിൽ വരും,” എന്നും കല്ലു പറഞ്ഞു.
ആഘോഷങ്ങൾക്ക് മാറ്റുകൂട്ടിക്കൊണ്ട്, പട്നയിൽ 50,000 പേർക്ക് വലിയ സദ്യയൊരുക്കുമെന്ന് ആനന്ദ് സിംഗിന്റെ കുടുംബം പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ ഭാര്യ നീലം ദേവിയുടെ വസതിയിലാണ് ഒരുക്കങ്ങൾ നടക്കുന്നത്. ഈ വലിയ ഒത്തുചേരലിനുള്ള സൗകര്യങ്ങൾ ഒരുക്കുന്ന തിരക്കിലാണ് തൊഴിലാളികൾ.
ജൻ സുരാജ് പ്രവർത്തകനായ ദുലാർ ചന്ദ് യാദവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ജെഡിയുവിന്റെ മൊകാമ സ്ഥാനാർത്ഥിയും മുൻ എംഎൽഎയുമായ അനന്ത് സിംഗിനെ പട്ന പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നവംബർ 2 ന് പുലർച്ചെ പട്ന എസ്എസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് സിങ്ങിനെ ബർഹിലെ വസതിയിൽ നിന്ന് കസ്റ്റഡിയിലെടുത്തത്.
ഇപ്പോൾ അഞ്ച് ലക്ഷം രസഗുളയും ഗുലാബ് ജാമുനും ആണ് ആനന്ദ് സിംഗിന്റെ വിജയം ആഘോഷിക്കാൻ തയ്യാറാക്കുന്നത്. പരിപാടി ആസൂത്രണം ചെയ്യുന്നുണ്ട്.
ചില മണ്ഡലങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിക്കുന്നു എങ്കിലും എൻഡിഎ തികഞ്ഞ ആത്മവിശ്വാസത്തിലും ആവേശത്തിലുമാണ്. തങ്ങൾ അധികാരത്തിൽ തിരിച്ചെത്തുമെന്ന ഉറപ്പിലാണ് ഇപ്പോൾ എൻഡിഎ സഖ്യം ആഘോഷങ്ങൾ ആരംഭിച്ചിരിക്കുന്നത്.













