ബാലയ്യ തകർത്ത് വാരുന്നു ; ബോക്സ്ഓഫീസിൽ കുതിച്ച് ‘അഖണ്ഡ 2’
സൂപ്പർ ഹിറ്റ് ആക്ഷൻ ചിത്രം ‘അഖണ്ഡ’യുടെ രണ്ടാം ഭാഗമായ ‘അഖണ്ഡ 2: താണ്ഡവം’ ബോക്സ്ഓഫീസിൽ തരംഗം സൃഷ്ടിക്കുന്നു. നന്ദമൂരി ബാലകൃഷ്ണയെ നായകനാക്കി ബോയപതി ശ്രീനു സംവിധാനം ചെയ്ത ചിത്രം വലിയ പ്രതീക്ഷകളോടെയാണ് ആരാധകർ സ്വീകരിച്ചത്. തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുമ്പോൾ, ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. എങ്കിലും, ഈ പ്രതികൂല അഭിപ്രായങ്ങൾക്കിടയിലും ‘അഖണ്ഡ 2’ വിൻ്റെ ആദ്യ ദിന കളക്ഷൻ എല്ലാവരെയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. കളക്ഷൻ കണക്കുകൾ ബോക്സ്ഓഫീസിലെ ബാലകൃഷ്ണയുടെ താരമൂല്യം ഒരിക്കൽ കൂടി അടിവരയിടുന്നു. ബാലയ്യയുടെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിങ് ആണ് ‘അഖണ്ഡ 2’ സ്വന്തമാക്കിയത്. പ്രീമിയർ ഷോകളിലെ കളക്ഷൻ ഉൾപ്പെടെ ഒറ്റ ദിവസം കൊണ്ട് ആഗോള ബോക്സ്ഓഫീസിൽ നിന്ന് ഏകദേശം 59.5 കോടി രൂപയാണ് ചിത്രം നേടിയത്. 60 കോടിക്ക് അടുത്താണ് ആകെ കളക്ഷൻ.













