എപ്സ്റ്റീൻ ഫയലുകളിൽ കുടുങ്ങി മുൻ പ്രസിഡൻറ് ബിൽ ക്ലിന്റൺ; മൈക്കിള്‍ ജാക്സണ്, മൈക്ക് ജാക്കര്‍ എന്നിവർ ഉൾപ്പെടെയുള്ള പ്രമുഖരുടെ ചിത്രങ്ങൾ, ഡൊണാൾഡ് ട്രംപിന് ക്ളീൻ ചിറ്റ്
അമേരിക്കയിലെ രാഷ്ട്രീയ നേതാക്കളിൽ ഏതാണ് എല്ലാവരും തന്നെ പേടിച്ചിരുന്ന എപ്സ്റ്റീന് ഫയലുകളുടെ ആദ്യ ബാച്ച് അമേരിക്കൻ നീതിന്യായ വകുപ്പ് പുറത്തുവിട്ടു. ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധമുള്ള രാഷ്ട്രീയ നേതാക്കളെ പരാമര്‍ശിക്കുന്ന രേഖകളാണ് പുറത്തുവന്നത്.
തങ്ങളുടെ പ്രതിച്ഛായയ്ക്കു തന്നെ ഭീഷണിയാകുന്ന ഫയലുകള്‍ പുറത്തിറങ്ങുന്നതിനെ രാഷ്ട്രീയ നേതാക്കള്‍ ഏറെ ഭയപ്പാടോടെയാണ് കണ്ടിരുന്നത്. എപ്സ്റ്റീന് ഫയലുകളുടെ ആദ്യ ഭാഗം പുറത്തിറങ്ങിയത് അമേരിക്കയിൽ വലിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കുകയാണ്.
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ച ‘എപ്സ്റ്റീന് ഫയല്‍സ് ട്രാന്‍സ്പാരന്‍സി ആക്ട്’ പ്രകാരമാണ് ലക്ഷക്കണക്കിന് പേജുകളുള്ള ഈ രേഖകള്‍ വെളിച്ചം കാണുന്നത്. അതേസമയം ട്രംപിന് വലിയ തിരിച്ചടിയാകുമെന്നു കരുതിയ ഫയലുകളില്‍, അദ്ദേഹത്തിന്റെ പേരില്ല എന്നതാണ് ശ്രദ്ധേയം. പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കള്‍ക്കെതിരെ ശക്തമായ ആയുധങ്ങള്‍ ലഭിച്ചതും ട്രംപിന് രാഷ്ട്രീയ നേട്ടമായി മാറിയിട്ടുണ്ട്.
മുന്‍ ഡെമോക്രാറ്റിക് പാർട്ടി പ്രസിഡന്റ് ബില്‍ ക്ലിന്റണും എപ്സ്റ്റീന്റെ കൂട്ടാളി ഗിസ്ലെയ്ന് മാക്സ്വെല്ലും ഒരുമിച്ചുള്ള ചിത്രങ്ങള്‍ ഫയലുകളില്‍ ഉള്‍പ്പെട്ടത് ക്ലിന്റന്റെ പ്രതിച്ഛായയ്ക്ക് വലിയ തിരിച്ചടിയായി മാറുന്നുണ്ട്. ക്ലിന്റന്റെ വഴിവിട്ട ബന്ധങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ട്രംപ് നേരത്തെ തന്നെ ഉത്തരവിട്ടിരുന്നു.
എപ്സ്റ്റീനുമായി വ്യക്തിപരമായ സൗഹൃദമുണ്ടായിരുന്നിട്ടും, അദ്ദേഹത്തിന്റെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്ന് തെളിയിക്കുന്നതിനൊപ്പം എതിരാളികളുടെ ബന്ധങ്ങള്‍ പുറത്തു കൊണ്ടുവരാനും ഈ ഫയലുകൾ ട്രംപിനെ സഹായിച്ചു.
നിലവില്‍ പുറത്തുവന്ന മൂന്ന് ലക്ഷത്തോളം പേജുകള്‍ക്ക് പുറമെ, ലക്ഷക്കണക്കിന് പേജുകള്‍ കൂടി അടുത്ത ആഴ്ചകളില്‍ പുറത്തുവിടുമെന്ന് നീതിന്യായ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ട്രംപ് അനുകൂലികള്‍ക്കിടയില്‍ ഈ നടപടി വലിയ സ്വീകാര്യതയാണ് നേടുന്നത്. ഇതിലൂടെ അഴിമതിക്കെതിരെയുള്ള പോരാളിയായി സ്വയം ചിത്രീകരിക്കാന്‍ ട്രംപിന് സാധിക്കുന്നു.
മൈക്കല്‍ ജാക്സണെപ്പോലുള്ള ലോകപ്രശസ്തരുടെ പേരുകളും ഫയലുകളില്‍ പരാമര്‍ശിക്കുന്നുണ്ടെങ്കിലും, അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ട്രംപിന്റെയും ക്ലിന്റന്റെയും ഇടപെടലുകളാണ് ഇപ്പോള്‍ സജീവ ചര്‍ച്ചാവിഷയം. ബില്‍ ക്ലിന്റണ്, മൈക്കിള്‍ ജാക്സണ്, മൈക്ക് ജാക്കര്‍ എന്നിവർ ഉൾപ്പെടെയുള്ള പ്രമുഖരുടെ ചിത്രങ്ങളടക്കമുള്ള രേഖകളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
ഇപ്പോള്‍ പുറത്തുവന്ന രേഖകള്‍ പ്രകാരം 1200ഓളം പേരെയാണ് എപ്സ്റ്റീന് പീഡനത്തിനിരയാക്കിയിട്ടുള്ളത്.
‘എപ്സ്റ്റീന് ലൈബ്രറി’ എന്ന വെബ്സൈറ്റിലൂടെയാണ് ഫയലുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ഫയലുകളില്‍ എന്തെല്ലാം വിവരങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നു എന്ന കാര്യത്തില്‍ പൂര്‍ണമായ വ്യക്തതയില്ല. എങ്കിലും എപ്സ്റ്റീന് കേസുകളിലേക്കും അദ്ദേഹത്തിന്റെ നിഗൂഢ ജീവിതത്തിലേക്കും വെളിച്ചം വീശുന്ന വിവരങ്ങള്‍ ഈ ഫയലുകളില്‍ നിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സെലിബ്രിറ്റികളുടെയും ഉന്നത രാഷ്ട്രീയക്കാരുടെയും ബിസിനസുകാരുടെയും ലൈംഗിക ആവശ്യങ്ങൾക്കായി പ്രായപൂർത്തിയാകാത്ത കുട്ടികളെ കടത്തിയെന്ന കുറ്റം ചുമത്തപ്പെട്ട കോടീശ്വരനാണ് ജെഫ്രി എപ്സ്റ്റീൻ. മരണത്തിന് രണ്ട് ദിവസം മുൻപ് ഒപ്പിട്ട വിൽപത്രം അനുസരിച്ച്, അദ്ദേഹത്തിന് അറുപത് കോടി ഡോളറിന്റെ ആസ്തിയുണ്ടായിരുന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ലൈംഗിക കുറ്റകൃത്യങ്ങൾക്ക് അറസ്റ്റിലായ എപ്സ്റ്റീനെ 2019 ജൂലൈ 24 ന് സെല്ലിൽ പരുക്കേറ്റ നിലയിൽ കണ്ടെത്തിയിരുന്നു. പിന്നീട് ഓഗസ്റ്റ് 10 ന് എപ്സ്റ്റിനെ ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തി. ഫെഡറൽ ബ്യൂറോ ഓഫ് പ്രിസൺസിൽ നിന്നുള്ള റിപ്പോർട്ട് പ്രകാരം, എപ്സ്റ്റീൻ ആത്മഹത്യ ചെയ്തിരിക്കാം എന്നാണ് കരുതപ്പെടുന്നത് , എങ്കിലും ഇതുസംബന്ധിച്ച ദുരൂഹതകൾ ഇപ്പോഴും തുടരുകയാണ്.













