ഇനി ഇടതിനൊപ്പം; തൃക്കാക്കരയിൽ ഇടതിനായി പ്രചാരണത്തിനിറങ്ങുമെന്ന് കെവി തോമസ്
തൃക്കാക്കരയിൽ ഇടതുപക്ഷത്തിനായി പ്രചാരണത്തിനിറങ്ങുമെന്ന് കെവി തോമസ്. തന്റെ തെരെഞ്ഞെടുപ്പിനെന്ന പോലെ ജോ ജോസഫിനായി പ്രചരണം നടത്തുമെന്നും കെവി തോമസ് പറഞ്ഞു. തൻ്റെ വസതിയിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാളെ മുഖ്യമന്ത്രി പങ്കെടുക്കുന്ന ഇടതുമുന്നണിയുടെ തെരെഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുക്കും. കെ റെയിലിനെ താൻ അനുകൂലിക്കുന്നുവെന്നും വികസനത്തിനൊപ്പമാണ് താനെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, താന്‍ കോണ്ഗ്രസുകാരന് തന്നെയെന്നും കോണ്‍ഗ്രസുകാരനായി തുടരുമെന്നും കെ വി തോമസ് പറഞ്ഞു. പുറത്താക്കാന്‍ കഴിയുമെങ്കില്‍ പുറത്താക്കട്ടെയെന്ന് അദ്ദേഹം കോൺഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ചു. കണ്ണൂരില്‍ പോകുമ്പോള്‍ പുറത്താക്കുമെന്ന് പറഞ്ഞിട്ടെന്തായി എന്നും എഐസിസിയേക്കാള്‍ വലുതാണോ ഇവിടുത്തെ കോണ്‍ഗ്രസുകാര്‍ എന്നും കെവി തോമസ് ചോദിച്ചു.
2018 മുതൽ തന്നെ പാർട്ടിയിൽ നിന്നും പുറത്താക്കാൻ സംഘടിതമായ ശ്രമമുണ്ടെന്നും കെവി തോമസ് ആരോപിച്ചു. തന്നെ കോണ്‍ഗ്രസുകാരനായി നിലനിര്‍ത്തിയത് എഐസിസിയാണ്. കെ കരുണാകരനും എകെ ആന്റണിയും കോണ്‍ഗ്രസ് വിട്ടു പോയില്ലേയെന്ന് ചോദിച്ചാണ് കോണ്‍ഗ്രസുകാരനായി തന്നെ തുടരുമെന്ന തന്റെ തീരുമാനത്തെ കെവി തോമസ് ന്യായീകരിച്ചത്. കോണ്‍ഗ്രസ് ഒരു ജീവിത രീതിയാണെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയുടെ വികസനം കണ്ടുവളർന്നയാളാണ് താൻ. ബ്രോഡ്വേ വന്നത് താൻ വിദ്യാർത്ഥിയായിരുന്ന കാലത്താണ്. ബ്രോഡ്വേ ഇന്ന് കൊച്ചിയിലെ മികച്ച വ്യാപാരകേന്ദ്രമാണ്. അതിനെയൊക്കെ എതിർത്തവർ അന്നുമുണ്ടായിരുന്നു. കൊച്ചി വികസിക്കുകയാണ്. താൻ വികസനത്തിനൊപ്പമാണെന്നും കെവി തോമസ് പറഞ്ഞു.