എംഎല്‍എമാരുടെ അഭിപ്രായത്തിനാണ് പ്രാധാന്യം; ഘടകകക്ഷികള്‍ക്ക് ഒരു റോളുമില്ല: അജയ് മാക്കന്
കേരള മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ കോണ്‍ഗ്രസ് എംഎല്‍എമാരുടെ അഭിപ്രായത്തിനാണ് പ്രാമുഖ്യമെന്ന് ഹൈക്കമാന്‍ഡ് നിരീക്ഷകനായ അജയ് മാക്കന്. എല്ലാവരുമായും സംസാരിച്ചു. എംഎല്‍എമാർ ഓരോരുത്തരുമായി സംസാരിച്ച് അഭിപ്രായങ്ങള്‍ തേടി. അത് രേഖപ്പെടുത്തി കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്. മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ഹൈക്കമാന്‍ഡിനെ ചുമതലപ്പെടുത്തി നിയമസഭാകക്ഷിയോഗം പ്രമേയവും പാസ്സാക്കിയിട്ടുണ്ട്. റിപ്പോര്‍ട്ട് പരിശോധിച്ചശേഷം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്നും അജയ് മാക്കന് പറഞ്ഞു.
മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതില്‍ ഘടകകക്ഷികള്‍ നിലപാട് പറഞ്ഞിട്ടുണ്ടല്ലോയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, അവര്‍ക്ക് ഇതില്‍ ഒരു റോളുമില്ലെന്നായിരുന്നു അജയ് മാക്കന്റെ മറുപടി. അതേസമയം, ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് പുറത്തുവിട്ട എംഎല്‍എമാരുമായുള്ള കൂടിക്കാഴ്ചയിലെ വിവരങ്ങള്‍ രേഖപ്പെടുത്തിയതായി വന്ന ഫോട്ടോ, മറ്റൊരു നിരീക്ഷകനായ മുകുള്‍ വാസ്നിക് നിഷേധിച്ചു. ഫോട്ടോയിലുള്ളത് വസ്തുതയല്ലെന്ന് മുകുള്‍ വാസ്നിക് പറഞ്ഞു.












