ബോഫോഴ്സ് കേസിന് അന്ത്യം; അവസാന അപ്പീലും തള്ളി സുപ്രീംകോടതി
നാല് പതിറ്റാണ്ടായി രാജ്യത്ത് കോളിളക്കം സൃഷ്ടിച്ച ബോഫോഴ്സ് അഴിമതിക്കേസിന് സുപ്രീംകോടതി പൂര്‍ണ വിരാമമിട്ടു. ഹിന്ദുജ സഹോദരന്മാര്ക്കും സ്വീഡിഷ് ആയുധ നിര്‍മ്മാണ കമ്പനിയായ എബി ബോഫോഴ്സിനും എതിരെയുള്ള ക്രിമിനല്‍ നടപടികള്‍ റദ്ദാക്കിയ 2005ലെ ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ നിലവിലുണ്ടായിരുന്ന അവസാന അപ്പീലും പരമോന്നത കോടതി തള്ളി. ജസ്റ്റിസ് ജെബി പര്‍ദിവാല, ജസ്റ്റിസ് കെ വിനോദ് ചന്ദ്രന് എന്നിവരടങ്ങുന്ന ബെഞ്ചാണ് അഭിഭാഷകനായ അജയ് കെ അഗര്‍വാള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയത്.
ഹര്‍ജിയില്‍ എതിര്‍കക്ഷികളായിരുന്ന ശ്രീചന്ദ് ഹിന്ദുജ, ഗോപീചന്ദ് ഹിന്ദുജ എന്നിവരുടെ മരണം കണക്കിലെടുത്ത് അവരുടെ പേരുകള്‍ ഒഴിവാക്കുന്നതിനായി നാലാഴ്ചത്തെ സമയം അജയ് അഗര്‍വാള്‍ ചോദിച്ചെങ്കിലും കോടതി അത് നിരസിച്ചു. 2005ല്‍ ഡല്‍ഹി ഹൈക്കോടതി എല്ലാ നടപടികളും റദ്ദാക്കിയ കേസാണിതെന്നും ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം ഇനി ഇതില്‍ എന്താണ് ബാക്കിയുള്ളതെന്നും ബെഞ്ച് ചോദിച്ചു. 2018 മുതല്‍ കെട്ടിക്കിടക്കുന്ന കേസില്‍ കൂടുതല്‍ സമയം അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.













