അയോധ്യ സംഭാവന കൊള്ള; അന്തിമ റിപ്പോര്‍ട്ടില്‍ ചമ്പത് റായ്ക്ക് ക്ലീന്‍ ചിറ്റ്
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ളയില്‍ പ്രത്യേക അന്വേഷണ സംഘം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടില്‍ മുന്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ്ക്ക് ക്ലീന്‍ ചിറ്റ് നൽകി. റായിയുടെയും ക്ഷേത്ര ട്രസ്റ്റ് മുന്‍ അംഗം അനില്‍ മിശ്രയുടെയും പേരുകള്‍ റിപ്പോർട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തുടര്‍നടപടികള്‍ക്കായി യുപി ആഭ്യന്തരവകുപ്പ് ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന് റിപ്പോര്‍ട്ട് കൈമാറി. ട്രസ്റ്റിന്റെ ഇടക്കാല സെക്രട്ടറി കൃഷ്ണ മോഹനാണ് റിപ്പോര്‍ട്ട് കൈമാറിയത്. അടുത്തമാസം ആദ്യ ആഴ്ച നടക്കാനിരിക്കുന്ന ട്രസ്റ്റ് യോഗത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് അവതരിപ്പിയ്ക്കും. സംഭാവന കൊള്ള പുറത്ത് വന്നതിന് പിന്നാലെ റായിയും മിശ്രയും ഇരുവരുടെയും സ്ഥാനങ്ങള്‍ രാജിവച്ചിരുന്നു.
ഇക്കഴിഞ്ഞ ജൂണ്‍ 27ന് ഇരുവരെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ചമ്പത് റായ് നിഷേധിച്ചിരുന്നു. തന്റെ പരാതിയിന്മേലാണ് പ്രതികളെ അറസ്റ്റ് ചെയ്തത് എന്നാണ് റായ് വാദിച്ചത്. സംഭവത്തില്‍ സുപ്രീം കോടതിയുടെ ഇടപെടല്‍ ഉണ്ടാകുന്നതിന് മുമ്പ് സര്‍ക്കാര്‍ രൂപീകരിച്ച മൂന്നംഗ എസ്ഐടിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.













