ചിങ്ങ മാസ പൂജകൾക്കായി ശബരിമല നട ഓഗസ്റ്റ് 16-ന് തുറക്കും
ചിങ്ങ മാസ പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര നട ഓഗസ്റ്റ് 16-ന് തുറക്കും. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി. പ്രസാദ് നടതുറന്ന് ശ്രീകോവിലിൽ ദീപം തെളിയിക്കും. തുടർന്ന് മേൽശാന്തി പതിനെട്ടാം പടിക്ക് താഴെയുള്ള ആഴിയിൽ അഗ്നി പകരും. മലയാള പുതുവർഷ ദിനമായ ചിങ്ങം ഒന്നിന് – ഓഗസ്റ്റ് 17 പുലർച്ചെ അഞ്ചുമണിക്കാണ് ഭക്തർക്കായി ദർശനം ആരംഭിക്കുന്നത്. ചിങ്ങം ഒന്നിന് രാവിലെ ഉഷ പൂജയ്ക്ക് ശേഷം മേൽശാന്തിയെ പൂജാ കാര്യങ്ങളിൽ സഹായിക്കുന്നതിനുള്ള ‘ഉൾക്കഴകം’ ജീവനക്കാരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് നടക്കും.
ചിങ്ങം 1 മുതൽ എല്ലാ ദിവസവും വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം പതിനെട്ടാം പടിയിൽ വിശേഷാൽ പടിപൂജ ഉണ്ടായിരിക്കും. അഞ്ചു ദിവസത്തെ ചിങ്ങ മാസ പൂജകൾ പൂർത്തിയാക്കി ആഗസ്റ്റ് 21-ന് രാത്രി 10 മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കും. തുടർന്ന് തിരുവോണ പൂജകൾക്കായി ആഗസ്റ്റ് 24-ന് വൈകിട്ട് ശബരിമല നട വീണ്ടും തുറക്കും.













