ഉണ്ണിക്കണ്ണന്മാരെ വരവേൽക്കാൻ നാടൊരുങ്ങി; സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്
സംസ്ഥാനത്ത് ഇന്ന് ഭക്തിസാന്ദ്രമായി ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുന്നു. ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും വഴിപാടുകളും പുലർച്ചെ മുതൽ ആരംഭിച്ചു. വൈകിട്ട് നടക്കുന്ന ശോഭായാത്രകളിൽ ആയിരക്കണക്കിന് ഉണ്ണിക്കണ്ണന്മാർ അണിനിരക്കും.
സംസ്ഥാനത്തെ പ്രധാന ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഗുരുവായൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ പുലർച്ചെ മുതൽ തന്നെ ഭക്തരുടെ നീണ്ട നിരയാണുള്ളത്. ഉണ്ണിക്കണ്ണൻ്റെ പിറന്നാൾ ആഘോഷത്തിൻ്റെ ഭാഗമായി വിപുലമായ ഒരുക്കങ്ങളാണ് ദേവസ്വം ബോർഡ് ഏർപ്പെടുത്തിയിരിക്കുന്നത്. ഭക്തർക്ക് സുഗമമായ ദർശനം ഒരുക്കുന്നതിനായി ഇന്ന് വിഐപി ക്യൂ സംവിധാനം പൂർണ്ണമായും ഒഴിവാക്കി.
മുപ്പതിനായിരത്തോളം പേർക്കാണ് ഇന്ന് പിറന്നാൾ സദ്യ ഒരുക്കിയിരിക്കുന്നത്. രാവിലെ ഒൻപത് മണിയോടെ സദ്യയുടെ വിതരണം ആരംഭിച്ചു. മമ്മിയൂർ ക്ഷേത്രം ഉൾപ്പെടെയുള്ള വിവിധ ഇടങ്ങളിൽ നിന്നുള്ള ശോഭായാത്രകളും രാവിലെ മുതൽ ഗുരുവായൂരിലേക്ക് എത്തിത്തുടങ്ങി. ശീവേലി ഉൾപ്പെടെയുള്ള പ്രത്യേക ചടങ്ങുകളും ക്ഷേത്രത്തിൽ നടക്കുന്നുണ്ട്. കുട്ടികളും മുതിർന്നവരും ഉൾപ്പെടെ നിരവധി പേരാണ് കൃഷ്ണവേഷം ധരിച്ച് ക്ഷേത്ര പരിസരത്ത് എത്തിയിട്ടുള്ളത്. കഴിഞ്ഞ അഞ്ച് വർഷമായി കൃഷ്ണവേഷത്തിൽ എത്തുന്ന വികാസ് എന്ന ഭക്തൻ ഇന്നലെ രാത്രി മുതൽ തന്നെ പാൻ സ്റ്റിക്ക് ഉൾപ്പെടെ ഉപയോഗിച്ച് ചമയങ്ങൾ ഒരുക്കി കാത്തുനിൽക്കുന്ന കാഴ്ചയും ശ്രദ്ധേയമായി.
പത്തനംതിട്ട ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലും വിപുലമായ ചടങ്ങുകളാണ് നടക്കുന്നത്. പ്രസിദ്ധമായ അഷ്ടമി രോഹിണി വള്ളസദ്യ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ. ജയകുമാർ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കും. 52 കരകളിൽ നിന്നുള്ള പള്ളിയോടങ്ങൾ ഇന്ന് ക്ഷേത്രത്തിൽ എത്തും. പള്ളിയോടങ്ങളിൽ എത്തുന്നവർക്കും മറ്റ് ഭക്തർക്കും ഒരുപോലെ വള്ളസദ്യയിൽ പങ്കെടുക്കാൻ ദേവസ്വം ബോർഡ് അവസരം ഒരുക്കിയിട്ടുണ്ട്. സാധാരണ വള്ളസദ്യകളിൽ നിന്ന് വ്യത്യസ്തമായി പഴയകാല വിഭവങ്ങൾ ഉൾപ്പെടുത്തിയാണ് അഷ്ടമി രോഹിണി വള്ളസദ്യ ഒരുക്കുന്നത്. താമരപ്പൂവും മറ്റ് പൂജാദ്രവ്യങ്ങളുമായി നിരവധി ഭക്തരാണ് ദർശനത്തിനായി കാത്തുനിൽക്കുന്നത്.













