സർക്കാർ സ്കൂളുകളിലെ താത്കാലിക നിയമനങ്ങൾക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി
സർക്കാർ സ്കൂളുകളിലെ അധ്യാപക നിയമനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ താത്കാലിക നിയമനങ്ങൾക്കും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി സർക്കാർ ഉത്തരവിട്ടു. നേരത്തേയും സമാനമായ നിർദേശങ്ങൾ നിലവിലുണ്ടായിരുന്നെങ്കിലും താത്കാലിക നിയമനങ്ങളിൽ ഇത് പലപ്പോഴും കർശനമായി പാലിക്കപ്പെട്ടിരുന്നില്ല.
വടകരയിൽ അധ്യാപകർ എം.ഡി.എം.എ. കേസിൽ ഉൾപ്പെട്ട പശ്ചാത്തലത്തിലാണ് വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി ഈ നടപടി കർശനമാക്കുന്നത്. ഇനിയുള്ള താത്കാലിക നിയമനങ്ങൾക്കായി സ്കൂളുകൾ നൽകുന്ന പരസ്യങ്ങളിലും ഔദ്യോഗിക അറിയിപ്പുകളിലും ‘പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധം’ എന്ന് വ്യക്തമായി രേഖപ്പെടുത്താനും നിർദേശം നൽകിയിട്ടുണ്ട്.
സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി സാമ്പത്തിക ഇടപാടുകളിലും കൂടുതൽ കർശനമായ ചിട്ടകൾ നടപ്പാക്കാൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടിട്ടുണ്ട്. ബാങ്ക് ഇടപാടുകൾ കൈകാര്യം ചെയ്യാൻ സ്ഥിരം ജീവനക്കാരെ മാത്രമേ ചുമതലപ്പെടുത്താവൂ. ഈ ചുമതലകൾക്കായി കൃത്യമായ ഉത്തരവാദിയായ ഒരാളുണ്ടാകണമെന്നും ഉത്തരവിൽ എടുത്തുപറയുന്നുണ്ട്.











