വൈഭവ് സൂര്യവംശി വീണ്ടും ഇന്ത്യൻ ടീമിലെത്തുമോ? ഉറപ്പ് നൽകാൻ തയ്യാറാകാതെ ഗൗതം ഗംഭീർ
അഫ്ഗാനെതിരായ ട്വന്റി20 പരമ്പരയിലെ മൂന്നു മത്സരങ്ങളിലും അവസരം ലഭിക്കാത്ത യുവതാരം വൈഭവ് സൂര്യവംശി ടീമിൽ തന്റെ അവസരത്തിനായി കാത്തിരിക്കേണ്ടി വരുമെന്ന് ഇന്ത്യൻ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ. ടീമിനായി ദീർഘകാലമായി മികച്ച പ്രകടനം കാഴ്ചവെക്കുന്ന സഞ്ജു സാംസൺ പോലുള്ള താരങ്ങൾക്കായിരിക്കും പുതിയ കളിക്കാരെക്കാൾ മുൻഗണന ലഭിക്കുകയെന്നും ഗംഭീർ പറഞ്ഞു. അഫ്ഗാനെതിരായ പരമ്പര വിജയത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് ഗംഭീർ ഇക്കാര്യം വ്യക്തമാക്കിയത്.
വൈഭവ് സൂര്യവംശിയുടെ പ്രതിഭയെയും കഴിവിനെയും കുറിച്ച് ടീമിന് കൃത്യമായ ബോധ്യമുണ്ട്. എന്നാൽ വർഷങ്ങളായി മികച്ച പ്രകടനം നടത്തുന്നവർ എപ്പോഴും പുതുതായി ടീമിലെത്തിയ താരങ്ങളേക്കാൾ മുന്നിലായിരിക്കുമെന്നും ഗംഭീർ ചൂണ്ടിക്കാണിച്ചു. പ്രായമല്ല, മറിച്ച് അവസരത്തിനായി കാത്തിരിക്കുക എന്നതാണ് പ്രധാനം. 15 കാരനായാലും 30 കാരനായാലും അവസരത്തിനായി കാത്തിരിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ യുകെ പര്യടനത്തിനിടെ സഞ്ജു സാംസണ് പകരം ടീമിൽ അരങ്ങേറ്റം കുറിച്ച സൂര്യവംശിക്ക് ആദ്യ മൂന്ന് മത്സരങ്ങളിൽ വലിയ പ്രകടനം കാഴചവെക്കാൻ കഴിയാതെ വന്നതോടെ പ്ലേയിംഗ് ഇലവനിൽ നിന്ന് പുറത്താകുകയായിരുന്നു. .












