ആറ് ജില്ലകളിൽ അഴിച്ചുപണിക്ക് സിപിഎം: ജില്ലാ സെക്രട്ടറിമാർ മാറിയേക്കും
സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാന കമ്മിറ്റിയിലും വരുത്തിയ നിർണ്ണായക മാറ്റങ്ങൾക്ക് പിന്നാലെ, ജില്ലാ ഘടകങ്ങളിലും കാര്യമായ പുനഃസംഘടനയ്ക്ക് ഒരുങ്ങുകയാണ് സിപിഎം. വിപുലീകരിച്ച ജില്ലാ കമ്മിറ്റി യോഗങ്ങൾ ഉടൻ ചേരാനിരിക്കെ, കനത്ത തെരഞ്ഞെടുപ്പ് പരാജയങ്ങൾ നേരിട്ട കണ്ണൂർ, തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ഉൾപ്പെടെ ചുരുങ്ങിയത് ആറ് ജില്ലകളിലെങ്കിലും സംഘടനാ തലത്തിൽ വലിയ അഴിച്ചുപണി നടക്കുമെന്നാണ് സൂചന.
പാർട്ടി കോട്ടകളായ തളിപ്പറമ്പും പയ്യന്നൂരും കൈവിട്ടുപോയ കണ്ണൂരിലെ പുനഃസംഘടനയാണ് സംസ്ഥാന രാഷ്ട്രീയത്തിൽ ഏറ്റവും ശ്രദ്ധേയമാകുന്നത്. പ്രാദേശിക നേതാക്കൾ ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ നേതൃത്വം പരാജയപ്പെട്ടതും ന്യൂനപക്ഷ പ്രാതിനിധ്യത്തിന്റെ അഭാവവും സ്ഥാനാർഥി നിർണ്ണയത്തിലെ പാളിച്ചകളും കണ്ണൂരിൽ സംസ്ഥാന-ജില്ലാ നേതൃത്വങ്ങൾക്കെതിരെ കടുത്ത വിമർശനത്തിന് വഴിവെച്ചിട്ടുണ്ട്. പയ്യന്നൂരിലെ ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട പ്രാദേശിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിന് സെക്രട്ടറി കെ.കെ. രാഗേഷിനെതിരെ പാർട്ടിയിൽ അമർഷം ശക്തമാണ്. പി. ജയരാജൻ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് എത്തിയതോടെ കണ്ണൂരിലെ സംഘടനാ സമവാക്യങ്ങളിൽ വന്ന മാറ്റങ്ങളും ഇവിടുത്തെ അഴിച്ചുപണിയെ സ്വാധീനിക്കും.













