എറണാകുളം വാട്ടർ മെട്രോ ടെർമിനൽ ഒരു വർഷത്തിനുള്ളിൽ; 32 കോടി മുടക്കി വൻ പദ്ധതി
കൊച്ചി വാട്ടർ മെട്രോ ശൃംഖലയിലെ ഏറ്റവും തിരക്കേറിയ ടെർമിനലാകാൻ പോകുകയാണ് എറണാകുളം വാട്ടർ മെട്രോ ടെർമിനൽ . ഒരു വർഷത്തിനുള്ളിൽ ടെർമിനൽ പൂർത്തിക്കരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹൈക്കോടതി ടെർമിനൽ കഴിഞ്ഞാൽ വാട്ടർമെട്രോ ശൃംഖലയിലെ രണ്ടാമത്തെ വലിയ ടെർമിനൽ കൂടിയാകും ഇത്. 32 കോടി ചെലവിലാണ് ടെർമിനൽ ഒരുക്കുന്നത്.
എറണാകുളം ബോട്ട് ജെട്ടിക്ക് സമീപത്താണ് ടെർമിനൽ നിർമ്മിക്കുന്നത്. പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാർ ഓഫീസുകളും ആശുപത്രികളും കോടതിയും മറ്റ് പൊതു സംവിധാനങ്ങളും ഈ പ്രദേശത്ത് ഉള്ളതിനാൽ വലിയ തിരക്കായിരിക്കും ടെർമിനലിൽ അനുഭവപ്പെടുകയെന്നാണ് അധികൃതർ പറയുന്നത്. ടെർമിനൽ യാഥാർത്ഥ്യമാകുന്നതോടെ മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി, കുമ്പളം, എടക്കൊച്ചി എന്നിവിടങ്ങളിലേക്ക് നേരിട്ടുള്ള മെട്രോ സർവ്വീസും പ്രവർത്തിക്കും.
ടെർമിനൽ വരുന്നതോടെ സെന്റ് തെരേസാസ് കോളേജ്, സ്കൂൾ, മഹാരാജാസ് കോളേജ്, ലോ കോളേജ്, ജനറൽ ആശുപത്രി, ജില്ലാ കോടതി സമുച്ചയം, കണയന്നൂർ താലൂക്ക് ഓഫീസ്, എറണാകുളം ശിവക്ഷേത്രം, കൂടാതെ സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസ് പ്രവർത്തിക്കുന്ന റെവന്യൂ ടവർ എന്നിവിടങ്ങളിലേക്ക് വാട്ടർ മെട്രോ വഴി വേഗത്തിൽ എത്താൻ സാധിക്കും.












