കൊച്ചി മെട്രോയിൽ യാത്രക്കാരുടെ എണ്ണം കൂടി; കഴിഞ്ഞ വർഷത്തേതിൽ നിന്ന് 14 ലക്ഷത്തിന്റെ വർധന
കൊച്ചി മെട്രോ യാത്രക്കാരുടെ എണ്ണത്തിൽ വീണ്ടും വർധന. യാത്രക്കാരുടെ എണ്ണത്തിൽ ഓരോ മാസവും വർധനയുണ്ട്. 2024 ൽ മെട്രോയിലെ യാത്രക്കാരുടെ എണ്ണം 3,49,24,955 ആയിരുന്നു. 2025 ൽ ഇത് 3,64,12,974 ആയി കൂടി. 2024-നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം 14,88,019 യാത്രക്കാരുടെ വർധനവ് ആണുണ്ടായിരിക്കുന്നത്.
ഈ വർഷം ജനുവരി മുതൽ ഏപ്രിൽ വരെ മെട്രോയിൽ യാത്ര ചെയ്തത് 1,16,87,186 പേരാണ്. ഓരോ വർഷവും മെട്രോ യാത്രക്കാരുടെ എണ്ണത്തിൽ വലിയതോതിൽ വർധനയുണ്ടാകുന്നുണ്ട്. വാട്ടർ മെട്രോയും മെട്രോ സ്റ്റേഷനുകളിൽ നിന്നുള്ള തുടർയാത്രയ്ക്കായി ഏർപ്പെടുത്തിയിരിക്കുന്ന ഇലക്ട്രിക് ഫീഡർ ബസും യാത്രക്കാർക്ക് ഏറെ ഗുണകരമാണ്.
പുതുവർഷാഘോഷത്തിനൊപ്പം ഇത്തവണ ബിനാലെയും യാത്രക്കാരുടെ എണ്ണത്തിലെ വർധനയ്ക്ക് കാരണമായി. ഈ പുതുവത്സരത്തിൽ പുലർച്ചെ രണ്ട് മണിവരെ മെട്രോ സർവീസ് നടത്തിയിരുന്നു. 1,39,766 പേരാണ് അന്നേദിവസം മാത്രം മെട്രോയിൽ യാത്ര ചെയ്തത്.













