4 ദിനം കൊണ്ട് 155 കോടി ആഗോള കളക്ഷനുമായി നാനി ചിത്രം ‘ദ പാരഡൈസ്’
നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്ത പാൻ ഇന്ത്യൻ ചിത്രം ‘ദ പാരഡൈസ്’ 4 ദിനം കൊണ്ട് നേടിയ ആഗോള ഗ്രോസ് 155 കോടി. നാനിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ആദ്യ വീക്കെൻഡ് കളക്ഷനുകളിൽ ഒന്നാണ് ചിത്രം സ്വന്തമാക്കിയത്. ആദ്യദിനം ആഗോളതലത്തിൽ 88 കോടി രൂപയുടെ ഗ്രോസ് നേടിയ ചിത്രം മികച്ച കലക്ഷൻ നിലനിർത്തിയാണ് മുന്നോട്ട് പോകുന്നത്. നാനിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഓപ്പണിംഗ് നേടിയ ചിത്രമായി ‘ദ പാരഡൈസ്’ മാറിയിരുന്നു. സെപ്റ്റംബർ 24ന് ആഗോള റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രത്തിന് ഇന്ത്യയിലും വിദേശ മാർക്കറ്റുകളിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിച്ചത്. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുറിയാണ് ചിത്രം നിർമ്മിച്ചത്.
വമ്പൻ ആക്ഷൻ രംഗങ്ങളും മാസ്സ് നിമിഷങ്ങളും നിറഞ്ഞ ചിത്രത്തിൽ നാനിയുടെ പ്രകടനം ഏറെ ശ്രദ്ധ നേടുകയാണ്. ജദാൽ എന്ന കഥാപാത്രത്തിന്റെ മാസ്സ് അവതാരവും ആക്ഷൻ രംഗങ്ങളിലെ നാനിയുടെ പ്രകടനവും ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റുകളിലൊന്നായാണ് പ്രേക്ഷക പ്രതികരണങ്ങളിൽ ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതേസമയം ആക്ഷനൊപ്പം കഥാപാത്രങ്ങളുടെ വൈകാരികതയ്ക്കും ചിത്രം പ്രാധാന്യം നൽകുന്നുണ്ട്.
വിദേശ മാർക്കറ്റുകളിലും ചിത്രത്തിന്റെ കളക്ഷൻ മികച്ച രീതിയിൽ മുന്നേറുകയാണ്. വീക്കെൻഡിന് ശേഷം ഉള്ള പ്രവർത്തി ദിവസങ്ങളിലും ചിത്രം മികച്ച കളക്ഷൻ നേടുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ. നാനിയുടെ കരിയറിലെ ഏറ്റവും വലിയ പ്രോജക്ടായി ഒരുക്കിയ ചിത്രത്തിന് ലഭിക്കുന്ന പ്രതികരണവും വിദേശ മാർക്കറ്റുകളിലെ ശക്തമായ പ്രകടനവും ചിത്രത്തിന്റെ ബോക്സ് ഓഫീസ് മുന്നേറ്റത്തിന് കൂടുതൽ കരുത്തേകുകയാണ്.
‘ദസറ’യ്ക്ക് ശേഷം നാനിയും ശ്രീകാന്ത് ഒഡേലയും വീണ്ടും ഒന്നിച്ച ചിത്രമാണ് ‘ദ പാരഡൈസ്’. അമ്മ – മകൻ ബന്ധത്തിന്റെ വൈകാരികതയ്ക്കൊപ്പം ആക്ഷനും മാസ്സ് ഘടകങ്ങൾക്കും പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അനിരുദ്ധ് രവിചന്ദറിന്റെ പശ്ചാത്തല സംഗീതവും ഗാനങ്ങളും ചിത്രത്തിന്റെ മറ്റൊരു പ്രധാന ആകർഷണമായി മാറിയിട്ടുണ്ട്. റിലീസിന് മുൻപ് ശ്രദ്ധ നേടിയ ‘ആയാ ഷേർ’, ‘യേഷാ നഗുല’ എന്നീ ഗാനങ്ങൾക്കൊപ്പം ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും കഥയുടെ തീവ്രത വർധിപ്പിക്കുന്നതായി പ്രേക്ഷക പ്രതികരണങ്ങൾ വ്യക്തമാക്കുന്നു.
രാഘവ് ജൂയൽ വില്ലൻ വേഷത്തിലെത്തുന്ന ചിത്രത്തിൽ കായദു ലോഹർ, സമ്പൂർണേഷ് ബാബു, മോഹൻ ബാബു, സോണാലി കുൽക്കർണി, ഈശ്വരി റാവു, രാജ രവീന്ദ്ര, തനികേല ഭരണി, എം എസ് ചൗധരി, രാം ജഗൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി, തുടങ്ങിയ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം പ്രദർശനത്തിനെത്തിയത്.
രചന, സംവിധാനം: ശ്രീകാന്ത് ഒഡേല, നിർമ്മാതാവ്: സുധാകർ ചെറുകുറി, ബാനർ: ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസ്, ഛായാഗ്രഹണം: സി എച്ച് സായ്, സംഗീതം: അനിരുദ്ധ് രവിചന്ദർ
എഡിറ്റിംഗ്: നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ: അവിനാഷ് കൊല്ല, ഓഡിയോ: സരിഗമ മ്യൂസിക്, മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ, പിആർഒ: ശബരി













