‘എട്ട് നൊബേൽ എങ്കിലും കിട്ടേണ്ടതായിരുന്നു’; സമാധാന പുരസ്കാരം ഇക്കുറിയും ലഭിക്കാത്തതിൽ ട്രംപിന് രോഷം
സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ഇത്തവണയും ലഭിക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ലോകത്ത് താൻ അവസാനിപ്പിച്ച എട്ട് യുദ്ധങ്ങളുടെ പേരിൽ എട്ട് നൊബേൽ പുരസ്കാരങ്ങൾ ലഭിക്കേണ്ടതായിരുന്നുവെന്നാണ് ട്രംപിന്റെ വാദം. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള യുദ്ധം ഒഴിവാക്കാൻ ഇടപെട്ടതിലൂടെ അഞ്ചുകോടി മനുഷ്യരുടെ ജീവൻ രക്ഷിക്കാനായെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഇറാനെ ആണവായുധം വികസിപ്പിക്കുന്നതിൽനിന്ന് തടഞ്ഞതായും ഇറാൻ-യുക്രൈൻ യുദ്ധങ്ങൾ അവസാനിപ്പിക്കാൻ ശ്രമങ്ങൾ തുടരുകയാണെന്നും ട്രംപ് പറഞ്ഞു. എന്നാൽ, ഇത്തവണത്തെ സമാധാന നൊബേൽ ജേതാവായ ഇന്ത്യൻ വംശജയും ദക്ഷിണാഫ്രിക്കൻ നിയമജ്ഞയുമായ നവി പിള്ളയെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം വിമർശിച്ചത്. നവി പിള്ളയെ ‘കേട്ടുകേൾവിപോലുമില്ലാത്ത വ്യക്തി’യെന്ന് വിശേഷിപ്പിച്ച ട്രംപ്, പുരസ്കാരത്തിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടതായും ആരോപിച്ചു.
‘ജനാധിപത്യവിരുദ്ധരും നാഗരികതയുടെ ശത്രുക്കളുമായ തീവ്ര ആശയക്കാർ കാരണം സമാധാന നൊബേലിന്റെ വിശ്വാസ്യത എന്നെന്നേക്കുമായി നഷ്ടപ്പെട്ടു’ എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ഇത്തരമൊരു തീരുമാനം നോർവേയ്ക്ക് മായാത്ത കളങ്കമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുടെയും ഇസ്രയേലിന്റെയും കടുത്ത വിരോധിയാണ് നവി പിള്ളയെന്ന തരത്തിലുള്ള കുറിപ്പും ട്രംപ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
ട്രംപിന്റെ വിമർശനങ്ങൾക്കിടെ നൊബേൽ പുരസ്കാരം ലഭിച്ച വിവരം അറിഞ്ഞ നവി പിള്ളയുടെ പ്രതികരണവും ശ്രദ്ധേയമായി. ജർമനിയിലെ ന്യൂറംബർഗിൽ നിയമസമ്മേളനത്തിനിടെ പുരസ്കാരവാർത്ത അറിഞ്ഞപ്പോൾ സഹപ്രവർത്തകർ എഴുന്നേറ്റുനിന്ന് കൈയടിച്ച് അഭിനന്ദിച്ചു. ഇതിന് മറുപടിയായി, ‘കുറച്ചുകൂടി കൈയടിച്ചാൽ ഈ പുരസ്കാരം ട്രംപുമായി പങ്കുവെച്ചേക്കാം’ എന്നായിരുന്നു അവരുടെ പരിഹാസം.













