പള്ളിവാസലിൽ ഹോട്ട് എയർ ബലൂൺ പറത്തുന്നത് തടഞ്ഞു
മൂന്നാർ മേഖലയിലെ അനിയന്ത്രിതവും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതുമായ സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങൾക്കെതിരെ നടപടികൾ കടുപ്പിച്ച് ജില്ലാ ഭരണകൂടം. പള്ളിവാസലിലെ സ്വകാര്യ കേന്ദ്രത്തിൽ പ്രവർത്തിച്ചിരുന്ന ഹോട്ട് എയർ ബലൂൺ സർവീസുകൾ നിരോധിച്ചതിനൊപ്പം, അപകടങ്ങൾ തുടർക്കഥയായ ഉടുമ്പൻചോലയിലെ തൂവൽ വെള്ളച്ചാട്ടത്തിലേക്ക് പൊതുജനങ്ങൾ പ്രവേശിക്കുന്നതിനും ജില്ലാ കളക്ടർ ദിനേശൻ ചെറുവട്ട് കർശന വിലക്കേർപ്പെടുത്തി.
വിനോദസഞ്ചാരികളുടെ ജീവന് ഭീഷണിയാകുന്ന തരത്തിൽ അശാസ്ത്രീയമായി പ്രവർത്തിക്കുന്ന കേന്ദ്രങ്ങൾക്കെതിരെ ലഭിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടറുടെ അടിയന്തര നടപടി. ആനച്ചാലിൽ പ്രവർത്തിക്കുന്ന സ്കൈ ഡൈനിങ് കേന്ദ്രത്തിൽ യന്ത്രത്തകരാറിനെ തുടർന്ന് രണ്ട് കുട്ടികൾ ഉൾപ്പെടെ അഞ്ച് വിനോദസഞ്ചാരികൾ നാല് മണിക്കൂറിലധികം കുടുങ്ങിക്കിടന്ന സംഭവം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
പള്ളിവാസൽ തട്ടത്തിമുക്കിൽ പ്രവർത്തിക്കുന്ന ക്ലൗഡ് ഡെക്ക് എന്ന സാഹസിക വിനോദസഞ്ചാര കേന്ദ്രത്തിലെ ഹോട്ട് എയർ ബലൂൺ പ്രവർത്തനങ്ങൾക്കാണ് കളക്ടർ നിരോധനമേർപ്പെടുത്തിയത്. ദേവികുളം സബ് കളക്ടർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ ആഗസ്റ്റ് 31-ന് ഇവിടെ സർവീസ് നടത്തിയ ഹോട്ട് എയർ ബലൂൺ സമീപത്തെ വൈദ്യുതി ലൈനുമായി കൂട്ടിയിടിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.













