ആത്മഹത്യ ചെയ്ത മോഡൽ ഷഹനയുടെ മുറിയിൽ കഞ്ചാവും എംഡിഎംഎയും എൽഎസ്ഡിയും
കോഴിക്കോട് ചേവായൂരിൽ നടിയും മോഡലുമായ യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ച മുറിയിൽ നിന്നും കഞ്ചാവ്, എല്‍എസ്ഡി സ്റ്റാമ്പുകൾ, എംഡിഎംഎ എന്നിവ കണ്ടെത്തി. കാസർഗോഡ് ചെറുവത്തൂർ സ്വദേശിനി ഷഹന(20)യാണ് മരിച്ചത്. പൊലീസ് നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കള്‍ കണ്ടെത്തിയതെന്ന് എസിപി കെ സുദര്ശനന് വ്യക്തമാക്കി.
ഷഹനയുടെ ഭർത്താവ് സജ്ജാദ് ലഹരി ഉപയോഗിച്ചിരുന്നോ എന്ന കാര്യം പരിശോധിക്കും. ഷഹനയ്ക്കും ലഹരി നല്‍കിയിരുന്നോ എന്നറിയാന്‍ രാസ പരിശോധന നടത്തുമെന്നും പൊലീസ് പറഞ്ഞു. മരണത്തിൽ ദുരൂഹത ഉള്ളതിനാൽ ഷഹനയുടെ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രിയാണ് ഷഹനയെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷഹന മരിച്ച വിവരം അറിഞ്ഞ് അയൽവാസികൾ എത്തുമ്പോൾ ഭർത്താവ് സജ്ജാദിന്റെ മടിയിൽ കിടക്കുന്ന നിലയിലായിരുന്നു ഷഹന. ഷഹന ജനലഴിയിൽ തൂങ്ങിമരിച്ചെന്നും മൃതദേഹം മടിയിൽ കിടത്തിയതാണെന്നും സജ്ജാദ് നാട്ടുകാരോട് പറഞ്ഞത്. ഇന്നലെ രാത്രി ഒന്നരയോടെയാണ് ഷഹനയുടെ ആത്മഹത്യാ വിവരം അറിഞ്ഞതെന്ന് ബന്ധുക്കൾ പറഞ്ഞു.
ഭർത്താവ് സജ്ജാദ് തന്നെ ഉപദ്രവിക്കുന്നുണ്ടെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഷഹന പറഞ്ഞതായി മാതാവ് പറഞ്ഞു. ഒരുവര്‍ഷം മുന്‍പാണ് ഇരുവരുടെയും വിവാഹം നടന്നത്. വിവാഹത്തിന് ശേഷം കാസര്‍കോട് നിന്ന് കോഴിക്കോട് എത്തി പറമ്പിൽ ബസാറില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. മരണത്തില്‍ ദുരൂഹത ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നോ ആരെങ്കിലും അപായപ്പെടുത്തിയതാണോ എന്നതടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്.