പ്രശസ്ത നടി ഷൗകാർ ജാനകി അന്തരിച്ചു
അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന മുതിർന്ന നടി ഷൗകാർ ജാനകി അന്തരിച്ചു. 94 വയസായിരുന്നു. നടികർ സംഘം പ്രസിഡന്റ് നാസറാണ് മരണവിവരം സ്ഥിരീകരിച്ചത്. ഓഗസ്റ്റ് 21ന് ഉച്ചയ്ക്ക് 1.59നായിരുന്നു അന്ത്യം.
അടുത്തിടെ ആരോഗ്യനില മോശമായതിനെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ജാനകി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. നടൻ കായൽ ദേവരാജ് സമൂഹമാധ്യമങ്ങളിലൂടെ അവരുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ പങ്കുവച്ചിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ നടികർ സംഘം ഭാരവാഹികളും അംഗങ്ങളും അവരെ സന്ദർശിച്ചിരുന്നു.
തെലുങ്ക്, തമിഴ്, കന്നഡ, മലയാളം തുടങ്ങി വിവിധ ഭാഷകളിലായി നാല് പതിറ്റാണ്ടുകളിലേറെ നീണ്ട സിനിമാജീവിതത്തിൽ 400ഓളം ചിത്രങ്ങളിൽ അവർ അഭിനയിച്ചു. ‘സൂര്യമാനസം’ സിനിമയിൽ മമ്മൂട്ടിയുടെ അമ്മയായി വേഷമിട്ടിട്ടുണ്ട്.












