അടുത്ത മൂന്ന് ദിവസം പമ്പുകളില്‍ എത്തരുതെന്ന അഭ്യര്‍ത്ഥനയുമായി ശ്രീലങ്കന്‍ പ്രധാനമന്ത്രി
പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ അടുത്ത മൂന്ന് ദിവസം ജനങ്ങള്‍ ഇന്ധനത്തിനായി പമ്പുകളില്‍ എത്തരുതെന്ന് അഭ്യര്‍ത്ഥിച്ച് ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ. വരും മാസങ്ങള്‍ ലങ്കയിലെ ജീവിതം ദുരിതപൂര്‍ണം ആയിരിക്കുമെന്നും ഇക്കാലയളവില്‍ ചില ത്യാഗങ്ങള്ക്കായി ജനങ്ങള്‍ തയ്യാറാവണമെന്നും തിങ്കളാഴ്ച്ച അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ജനകീയ പ്രക്ഷോഭങ്ങളുടേയും തുടര്‍ന്നുണ്ടായ അനിഷ്ട സംഭവങ്ങളുടേയും പശ്ചാത്തലത്തില്‍ മുന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജിവെച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് റനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ പ്രധാനമന്ത്രി പദം ഏറ്റെടുക്കുന്നത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന രാജ്യത്തിനു ഇന്ധനം ഉള്‍പ്പടെയുള്ള അവശ്യസാധനങ്ങളുടെ ഇറക്കുമതിക്കായി അടിയന്തരമായി ഏഴരക്കോടി യുഎസ് ഡോളറിന്റെ വിദേശനാണ്യം വേണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ കടമായി നല്കിയ പെട്രോളും ഡീസലുമായി കപ്പലുകള്‍ രാജ്യത്തെത്തിയിട്ടുണ്ടെങ്കിലും പമ്പുകളിലേക്കുള്ള വിതരണം പൂര്‍ത്തിയാവാനുണ്ട്. കൊളംബോയിലുള്പ്പടെ ഇന്ധനം നിറയ്ക്കാനായി മണിക്കൂറുകള്‍ കാത്തുകിടക്കേണ്ട അവസ്ഥയാണ് ഉള്ളത്. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന
വിദേശനാണ്യ ശേഖരത്തില്‍ ഇടിവുണ്ടായതിനെ തുടര്‍ന്ന് മരുന്നും ഇന്ധനവും അടക്കമുള്ളവയുടെ ഇറക്കുമതി നിശ്ചലമായതും പണപ്പെരുപ്പം കൂടിയതും ലങ്കയില്‍ വലിയ പ്രക്ഷോഭങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ജനകീയ പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ അനുകൂലികള്‍ ശ്രമിച്ചതോടെ കഴിഞ്ഞ ആഴ്ച്ച തലസ്ഥാനത്ത് കലാപ സമാനമായ അന്തരീക്ഷം നിലനിന്നിരുന്നു. അക്രമങ്ങളിള്‍ 9 പേര് കൊല്ലപ്പെടുകയും മുന്നുറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ ആണ് മഹിന്ദ രാജപക്സെ രാജിവെച്ചത്.
Content Highlight: Fuel shortage: Sri Lankan PM requested people not to visit fuel stations for the next three days.