‘പരാതിക്ക് കാരണം സിനിമയിൽ അവസരം നിഷേധിച്ചത്’ ; തെളിവുകൾ നിരത്തി ഉപഹരജിയുമായി വിജയ്ബാബു ഹൈക്കോടതിയിൽ
നടിയെ ബലാത്സംഗം ചെയ്തുവെന്ന കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിനെ കേരളത്തിലെത്തിക്കാൻ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാനൊരുങ്ങി പൊലീസ്. പൊലീസിന് മുന്നിൽ കീഴടങ്ങാനുള്ള സമയപരിധി ഇന്നലെ അവസാനിച്ച സാഹചര്യത്തിലാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ നടപടികൾ കടുപ്പിച്ചത്. സിറ്റി പൊലീസ് സി ബി ഐ വഴി ഇന്റർപോളുമായി ബന്ധപ്പെട്ടിട്ടുണ്ട്. റെഡ് കോർണർ നോട്ടീസ് ഉടൻ പുറത്തിറക്കുമെന്നാണ് വിവരം.
ഈ മാസം മുപ്പതിന് വിജയ് ബാബു വിദേശത്ത് നിന്ന് തിരികെ എത്തുമെന്ന വിവരം ഇതുവരെ അന്വേഷണ സംഘത്തെ രേഖാമൂലം അറിയിച്ചിട്ടില്ല. വാക്ക് പാലിക്കാത്ത വ്യക്തിയാണ് വിജയ് ബാബു എന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്. വിജയ് ബാബു ദുബൈയിൽ തന്നെ തുടരുകയാണ് എന്നാണ് വിവരം. ഇന്നലെ വരെ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാവാൻ സമയം അനുവദിച്ചിട്ടും അത് പാലിക്കാത്തത് ഗുരുതര വീഴ്ചയായാണ് അന്വേഷണ ഉദ്യോഗസ്ഥർ കാണുന്നത്
അന്വേഷണം അടുത്തഘട്ടത്തിലേക്ക് കടക്കുന്നതിനിടയിൽ ഉപഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് വിജയ് ബാബു. തന്റെ പുതിയ ചിത്രത്തിൽ മറ്റൊരു നടിക്ക് അവസരം നല്കിയതോടെയാണ് യുവനടി തനിക്കെതിരെ ബലാത്സംഗ പരാതി നൽകിയത് എന്നാണ് ഹരജിയിൽ പറയുന്നത്. ആരോപണം ഉന്നയിച്ച നടിയുടെ സമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നും മറിച്ചുള്ള കാര്യങ്ങളെല്ലാം തന്നെ ബോധപൂർവം അധിക്ഷേപിക്കാനുള്ളതാണെന്നും വിജയ്ബാബുവിന്റെ ഉപഹരജിയിൽ പറയുന്നു.
താൻ ഒളിവിലല്ലെന്നും വരുന്ന മുപ്പതിന് കൊച്ചിയിൽ എത്തുമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. അതിനായി എടുത്ത ടിക്കറ്റിന്റെ പകർപ്പും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. നാട്ടിയെത്തിയ ശേഷമേ മുൻകൂർ ജാമ്യ ഹരജി പരിഗണിക്കുന്ന കാര്യം ആലോചിക്കയുള്ളൂ എന്നും കോടതി അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് നടപടികൾ വേഗത്തിലായത്.
പരാതിയുമായി രംഗത്തെത്തിയിരിക്കുന്ന യുവനടിയുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നതെന്നും ഒരുമിച്ചാണ് താമസിച്ചിരുന്നതെന്നും സാധൂകരിക്കുന്ന നിരവധി തെളിവുകളാണ് വിജയ്ബാബു കോടതിയിൽ ഹാജരാക്കിയത്. ഇരുവരും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന വാട്സാപ്പ് സന്ദേശങ്ങളും ദൃശ്യങ്ങളും തെളിവുകളായി മുദ്രവെച്ച കവറിൽ ഹാജരാക്കി. താമസിച്ച ഫ്ലാറ്റിൽ വെച്ചും ഹോട്ടലിൽ വെച്ചും നിരവധി തവണ പീഡിപ്പിച്ചുവെന്നാണ് പരാതി.
Content highlights Vijay Babu on sexual assault case