ഇടത് സ്ഥാനാർത്ഥിയുടെ പേരിൽ വ്യാജ അശ്ലീല വീഡിയോ; കോൺഗ്രസ് സൈബർ ക്രിമിനലുകളെ തീറ്റിപ്പോറ്റുകയാണെന്ന് എം സ്വരാജ്
തൃക്കാക്കര ഉപതെരെഞ്ഞെടുപ്പിലെ പരാജയഭീതിമൂലം യുഡിഎഫ് ഇടതുമുന്നണി സ്ഥാനാർത്ഥിക്കെതിരെ വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നെന്ന് സിപിഐ എം. തെരഞ്ഞെടുപ്പിനെ തെറ്റായ രീതിയിലാണ് യുഡിഎഫ് കൈകാര്യം ചെയ്യുന്നതെന്നും അശ്ലീല വീഡിയോ കോൺഗ്രസ് നേതാക്കളുടെ ചിത്രമുള്ള പ്രൊഫൈലുകളിൽ നിന്നാണ് ഷെയർ ചെയ്യുന്നതെന്നും നേതാക്കളായ പി രാജീവും എം സ്വരാജും സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
“ഒരു അശ്ലീല വീഡിയോ. അത് കൊൺഗ്രസിൻ്റെ പ്രധാനപ്പെട്ടയാളുകളുടെ കവർ ചിത്രമുള്ള പ്രൊഫൈലുകളിൽ നിന്നും പോസ്റ്റ് ചെയ്യുകയാണ്. ഇതാരാണെന്നറിയാമോ എന്ന ചോദ്യത്തോടെ അത് പോസ്റ്റ് ചെയ്യുന്നു. അതിന് ശേഷം സിപി എമ്മിൻ്റെ സ്ഥാനാർത്ഥി നായകനാകുന്ന സിനിമ എന്ന് പറഞ്ഞ് ആ അശ്ലീല വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്നു. ഒരു പാർട്ടിയും കാണിക്കാത്ത അങ്ങേയറ്റം തെറ്റായ പ്രവർത്തനം യുഡിഎഫ് തൃക്കാക്കരയിൽ കാണിച്ചിരിക്കുകയാണ്,“ പി രാജീവ് പറഞ്ഞു.
ഒരുകൂട്ടം സൈബർ ക്രിമിനലുകളെ കോൺഗ്രസ് തീറ്റിപ്പോറ്റുകയാണെന്ന് എം സ്വരാജ് ആരോപിച്ചു. കുറച്ചുകാലമായി കോൺഗ്രസിലെ ചില നേതാക്കളുടെ ഉച്ചഭാഷിണിയെന്നപോലെ പ്രവർത്തിക്കുന്നതും ഈ കൂട്ടമാണ്. വി.എം.സുധീരൻ തന്നെ ഇത് സംബന്ധിച്ച് നേരത്തെ പറഞ്ഞിട്ടുണ്ട്. ഈ വിഭാഗത്തെയാണ് കൊൺഗ്രസ് തെരെഞ്ഞെടുപ്പ് പ്രവർത്തനത്തിന് ആശ്രയിക്കുന്നതെന്നും സ്വരാജ് ആരോപിച്ചു.
പൊലീസിലും തെരഞ്ഞെടുപ്പ് കമ്മീഷനും ഇതുസംബന്ധിച്ച് പരാതി നൽകിയിട്ടുണ്ടെന്ന് പി രാജീവ് പറഞ്ഞു. യുഡിഎഫിൽ ഉള്ളവർ തന്നെ ഇതിനെതിരെ പ്രതികരിക്കണമെന്നും രാജീവ് ആവശ്യപ്പെട്ടു.
തെരെഞ്ഞെടുപ്പ് പ്രചരണരംഗത്തുനിന്നും ധാർമികതയുടെ കണികപോലും ചോർത്തിക്കളയുന്ന മനുഷ്യർക്ക് ചിന്തിക്കാനാവാത്ത തലത്തിൽ അധമമായ തലത്തിലേയ്ക്കെത്തിയിരിക്കുകയാണ് കോൺഗ്രസ് നേതൃത്വമെന്ന് സ്വരാജ് ആരോപിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥിയായി എന്നതാണോ ഡോ ജോ ജോസഫ് ചെയ്ത തെറ്റെന്നും സ്വരാജ് ചോദിച്ചു.
ഏതോകാലത്ത് സോഷ്യൽ മീഡിയയിൽ വന്ന ഒരു അശ്ലീല വീഡിയോ എടുത്ത് ഡോക്ടറുടേതാണെന്ന് പറഞ്ഞ് പ്രചരിപ്പിക്കുകയാണ് കൊൺഗ്രസുകാർ ചെയ്യുന്നതെന്ന് സ്വരാജ് പറഞ്ഞു. കോൺഗ്രസ് ഇത്തരത്തിലുള്ള നെറികെട്ട പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറണമെന്നും സ്വരാജ് ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസങ്ങളിൽ കൊൺഗ്രസ് അനുകൂല സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ജോ ജോസഫിൻ്റേതെന്ന പേരിൽ ഒരു അശ്ലീല വീഡിയോയുടെ സ്ക്രീൻ ഷോട്ടുകൾ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇത്തരത്തിൽ ഒരു വീഡിയോ ടെലിഗ്രാം, വാട്സാപ്പ് തുടങ്ങിയ മെസെഞ്ചർ ആപ്പുകൾ വഴിയും പ്രചരിപ്പിക്കപ്പെട്ടിരുന്നു.
Content Highlight: Congress cyber team circulates doctored obscene video of Jo Joseph- Alleges CPI(M)