വ്യാജ വീഡിയോ: വിഡി സതീശനെതിരെ ഇടതുമുന്നണി നേതാക്കള്‍
തൃക്കാക്കര എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റെ പേരില്‍ വ്യാജ അശ്ലീലവീഡിയോ പ്രചരിച്ച സംഭവത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ ഇടതു മുന്നണി നേതാക്കള്‍. വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തെ നിസാരവല്‍ക്കരിച്ച സതീശന്റെ നിലപാട് തെറ്റായ സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നതെന്ന് പി രാജീവ് പറഞ്ഞു. വീഡിയോ പ്രചരിപ്പിച്ച സംഭവത്തെ യുഡിഎഫ് നേതാക്കള്‍ അപലപിക്കാന്‍ പോലും തയാറാവാത്തതിനേയും രാജീവ് കുറ്റപ്പെടുത്തി. ഏഷ്യാനെറ്റ് ന്യൂസ് ചാനലിനോടായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
വ്യാജ വീഡിയോ വിഷയത്തില്‍ പ്രതിപക്ഷ നേതാവിന്റെ പ്രതികരണം തന്നെ ഞെട്ടിച്ചെന്ന് ഇപി ജയരാജന് പറഞ്ഞു. തൃക്കാക്കര തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിനുള്ള ഷോക്ക് ട്രീറ്റ്മെന്റാകുമെന്നും ഇപി കൂട്ടിചേര്‍ത്തു. മനോരമ ന്യൂസ് ചാനലിനനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു ജയരാജൻ്റെ പ്രതികരണം.
ഇടത് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റെ വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്നലെ അറസ്റ്റിലായിരുന്നു. വ്യാജവീഡിയോ വിവാദം യുഡിഎഫിനെതിരെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് ഇടതുപക്ഷം.
വ്യാജ വീഡിയോ വിഷയത്തില്‍ ജോ ജോസഫിനും കുടുംബത്തിനും പിന്തുണയുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. വ്യാജ വീഡിയോ പ്രചരിപ്പിച്ചതിനെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്നും പ്രചരിപ്പിച്ചവരെ മാത്രമല്ല നിര്‍മിച്ചവരെ കൂടെ കണ്ടെത്തി ശിക്ഷിക്കണമെന്നും ഉമാ തോമസ് പ്രതികരിച്ചു.
Content Highlight: Fake video: Left leaders turn against VD Satheesan