നൈജീരിയയിൽ ബോട്ട് ദുരന്തത്തിൽ 27 പേർ മരിച്ചു; നൂറിലധികം പേരെ കാണാതായി
വടക്കൻ നൈജീരിയയിലെ നൈജർ നദിക്കരയിൽ ബോട്ട് മറിഞ്ഞതിനെ തുടർന്ന് 27 പേർ മരിക്കുകയും നൂറിലധികം സ്ത്രീകളെ കാണാതാവുകയും ചെയ്തതായി അധികൃതർ അറിയിച്ചു. ഭക്ഷ്യവിപണിയിലേക്ക് യാത്ര്കകാരെ കൊണ്ടുപോയ ബോട്ടാണ് മറിഞ്ഞതെന്നാണ് വിവരം. കോഗി സംസ്ഥാനത്ത് നിന്ന് അയൽ സംസ്ഥാനമായ നൈജറിലേക്ക് പോവുകയായിരുന്ന ബോട്ടിൽ 200 ഓളം യാത്രക്കാരുണ്ടായിരുന്നുവെന്ന് നൈജർ സ്റ്റേറ്റ് എമർജൻസി മാനേജ്മെൻ്റ് ഏജൻസി വക്താവ് ഇബ്രാഹിം ഔഡു അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു.
പ്രാദേശിക മുങ്ങൽ വിദഗ്ധർ തിരച്ചിൽ നടത്തുന്നതിനിടെ ഇന്നലെ വൈകിട്ടോടെ 27 മൃതദേഹങ്ങൾ നദിയിൽ നിന്ന് പുറത്തെടുത്തതായി കോഗി സ്റ്റേറ്റ് എമർജൻസി സർവീസ് വക്താവ് സാന്ദ്ര മൂസ പറഞ്ഞു. സംഭവം നടന്ന് 12 മണിക്കൂർ കഴിഞ്ഞിട്ടും അതിജീവിച്ച ഒരാളെ കണ്ടെത്താനായില്ലെന്നും അവർ കൂട്ടിച്ചേർത്തു.
ബോട്ട് മുങ്ങാൻ കാരണമെന്താണെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അമിതഭാരം ഉണ്ടായിരുന്നതാകാമെന്നാണ് പ്രാദേശിക മാധ്യമങ്ങൾ നൽകുന്ന സൂചന.