കഴക്കൂട്ടത്ത് വാഹനാപകടം; രണ്ട് പേർക്ക് പരിക്ക്
കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ കാർ തട്ടി പിക്കപ്പ് ഓട്ടോ മറിഞ്ഞു. ഇന്നലെ രാത്രി പത്ത് മണിയോടെ കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ വടക്കോട്ടുള്ള പാതയിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ പരിക്ക് ഗുരുതരമാണ്. പിക്കപ്പ് ഡ്രൈവർ ആറ്റിങ്ങൽ സ്വദേശി വേണു (52)വിനാണ് ഗുരുതരമായി പരിക്കേറ്റത്.
എയർപോർട്ടിൽ നിന്ന് പാർസലുമായി മടങ്ങുകയായിരുന്ന പിക്കപ്പിൽ പുറകിലൂടെ എത്തിയ കാർ തട്ടുകയായിരുന്നു. കാർ തട്ടി നിയന്ത്രണംവിട്ട് മറിഞ്ഞ പിക്കപ്പ് വാൻ നൂറ് മീറ്ററോളം നിരങ്ങിയാണ് നിന്നത്. ഇടിച്ച കാർ നിർത്താതെ പോയി. പിന്നാലെ വാഹനങ്ങളിൽ വന്നവരും പൊലീസും ചേർന്നാണ് പരിക്കേറ്റവരെ വാഹനത്തിൽ നിന്നും പുറത്തെടുത്തത്.