നരേന്ദ്രമോദി നാലുതവണ യോഗിയെ വിളിച്ചു; അടിയന്തര നടപടിക്ക് നിര്‍ദേശം; അമൃത് സ്നാനം വീണ്ടും തുടങ്ങി
മഹാകുംഭ മേളയിലെ വിശേഷ ദിവസമായ മൗനി അമാവാസി ദിനത്തോടനുബന്ധിച്ച് നടക്കുന്ന അമൃത് സ്നാനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര് മരിക്കുകയും പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ പ്രധാനമന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി അദ്ദേഹം നാലുതവണ ഫോണിലൂടെ സംസാരിച്ചു. അടിയന്തര നടപടികള്‍ എത്രയും പെട്ടെന്ന് സ്വീകരിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. അതേസമയം, നിര്‍ത്തിവച്ച അമൃതസ്നാനം പുനഃരാരംഭിച്ചതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
പ്രധാനമന്ത്രി സ്ഥിതിഗതികള്‍ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി നാലുതവണ സംസാരിച്ചതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ‘കുംഭമേളയിലെ സ്ഥിതിഗതികളെക്കുറിച്ച് പ്രധാനമന്ത്രി മുഖ്യമന്ത്രിയോട് സംസാരിച്ചു, സ്ഥിതിഗതികള്‍ അവലോകനം ചെയ്തു, അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു,’ ഒരു ഉദ്യോഗസ്ഥന് പറഞ്ഞു.
അതേസമയം, കുംഭമേളയില്‍ പങ്കെടുക്കന്ന ഭക്തര്‍ ഭരണകൂടം നല്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. കിംവദന്തികളില്‍ വിശ്വസിക്കരുതെന്നും അദ്ദേഹം പറഞ്ഞു.