ഇന്ന് വിവാഹം നടക്കാനിരിക്കെ വരൻ വാഹനാപകടത്തിൽ മരിച്ചു
വിവാഹ തലേന്ന് വാഹനാപകടത്തിൽ യുവാവ് മരിച്ചു. കോട്ടയം കടപ്ലാമറ്റം സ്വദേശി ജിജോ ജിൻസൺ ആണ് എം സി റോഡിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. ഇന്നലെ രാത്രി 10 നായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്കേറ്റു. ഇലക്കാട് പള്ളിയിൽ ഇന്ന് രാവിലെ ജിജോമോന്റെ വിവാഹം നടക്കാനിരിക്കെയാണ് ദാരുണ അന്ത്യം.
വിവാഹ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട യാത്രയിലായിരുന്നു ജിജോയും സുഹൃത്തും. ഇവർ സഞ്ചരിച്ച ബൈക്ക് എതിർ ദിശയിൽ വന്ന വാഹനമുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ടു പേരും റോഡിൽ തെറിച്ചു വീണു. ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജിജോയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കടപ്ലാമറ്റം വയലാ നെല്ലിക്കുന്ന് കൊച്ചുപാറയിൽ ജിൻസൻ – നിഷ ദമ്പതികളുടെ മകനാണ്. ദിയ, ജീന എന്നിവരാണ് ജിജോയുടെ സഹോദരിമാർ.