ലോസ് ആഞ്ചലസില്‍ അടിയന്തരാവസ്ഥ: വരണ്ടകാറ്റ് തുടരുന്നു, കാട്ടുതീ നിയന്ത്രിക്കാനാകാതെ അഗ്നിശമനസേന

യു.എസിലെ കാലിഫോർണിയയിലുള്ള ലോസ് ആഞ്ജലസില്‍ കാട്ടു തീ പടർന്നുണ്ടായ സംഭവത്തില്‍ കത്തിയമർന്നവയുടെ കൂട്ടത്തില്‍ നിരവധി ഹോളിവുഡ് സെലിബ്രിറ്റികളുടെയും കായികതാരങ്ങളുള്പ്പെടെയുള്ളവരുടെ വീടും റിസോർട്ടുകളും..പസഫിക് സമുദ്രത്തിന് തൊട്ടടുത്തുള്ള തെക്കൻ കാലിഫോർണിയയിലെ സാന്താ മോണിക്ക പർവതനിരകള്‍ അതി സമ്ബന്നരുടെ സുഖവാസ കേന്ദ്രം കൂടിയാണ്. ഈ പ്രദേശത്താണ് കാട്ടുതീ ഏറെ നാശംവിതച്ചത്.
കാട്ടുതീയെ തുടർന്ന് ലോസ് ആഞ്ചലസില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. 1,500ലേറെ അഗ്നിരക്ഷാസേനാംഗങ്ങള്‍ രക്ഷാപ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്നു.2.2 ലക്ഷം വീടുകളില്‍ വൈദ്യുതിനിലച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഒന്നരലക്ഷത്തോളം പേരെ ഒഴിപ്പിച്ചു. കാലിഫോർണിയ സംസ്ഥാനത്ത് ഗവർണർ ഗാവിൻ ന്യൂസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
വരണ്ട കാലാവസ്ഥയും ശക്തമായ കാറ്റുമാണ് അതിവേഗത്തില്‍ കാട്ടുതീ പടരാൻ ഇടയാക്കിയതെന്ന് കാലിഫോർണിയയിലെ വന സംരക്ഷണ, അഗ്നിശമന വകുപ്പ് അറിയിച്ചു.വരണ്ടകാറ്റിന് സാധ്യതയുള്ളതിനാല്‍ സ്ഥിതിരൂക്ഷമാകുമെന്ന് ലോസ് ആഞ്ജലിസ് മേയർ കാരെൻ ബാസ് മുന്നറിയിപ്പുനല്‍കിയിരുന്നു. പതിനായിരക്കണക്കിനാളുകളെയാണ് അഗ്നിദുരന്തം ബാധിച്ചിരിക്കുന്നത്. ആയിരക്കണക്കിനു കെട്ടിടങ്ങളും വാഹനങ്ങളും കത്തിനശിച്ചു. നിരവധിപ്പേർ വിവിധയിടങ്ങളില്‍ കുടുങ്ങിയിട്ടുണ്ട് . 70,000ലേറെ ആളുകളെ ഒഴിപ്പിച്ചു. 16,000 ഏക്കർ കത്തി നശിച്ചു.
ഒട്ടേറെ ഹോളിവുഡ് താരങ്ങള്‍ പാർക്കുന്ന പസഫിക് പാലിസേഡ്സിലാണ് കാട്ടുതീ രൂക്ഷമായത്. വീട്ടുകാരെ ഒഴിപ്പിക്കാനായെന്നും ഞങ്ങളുടെ വീട് ഇപ്പോഴും നിലനില്‍ക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല എന്ന് വീടു കത്തിപ്പോയിട്ടുണ്ടാകാമെന്നും ഹോളിവുഡ് നടൻ ജെയിംസ് വുഡ്സ് ‘എക്സി’ല്‍ കുറിച്ചു. പാലിസേഡ്സിലെ തീപിടുത്തത്തില്‍ ഹോളിവുഡ് ഇതിഹാസം വില്‍ റോജേഴ്സിന്റെ ചരിത്രപ്രസിദ്ധമായ റാഞ്ച് ഹൗസ് കത്തിനശിച്ചു.
ജെന്നിഫർ ആനിസ്റ്റണ്‍, ബ്രാഡ്ലി കൂപ്പർ, ടോം ഹാങ്ക്സ്, ജെയിംസ് വുഡ്സ് തുടങ്ങിയവവരുടെ വസതികള്‍ തീ പടർന്ന മേഖലയിലാണ്.
രാത്രി 10 മണിയോടെ 10 ഏക്കർ വനത്തിന് പിടിച്ച തീ മണിക്കൂറുകള്‍ക്കുള്ളില്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് പടർന്ന് കയറുകയായിരുന്നു. 10,000ത്തിലേറെ വീടുകളില്‍നിന്ന് 30,000ത്തോളം പേരെ ഒഴിപ്പിച്ചു.
3000 ഏക്കറിലേക്ക് പടർന്ന് കയറിയ കാട്ടുതീ നിയന്ത്രണ വിധേയമാക്കാൻ 1400 ലേറെ അഗ്നിശമന സേനാംഗങ്ങളുടെ നേതൃത്വത്തില്‍ ശ്രമം തുടരുകയാണ്. എന്നാല്‍, മണിക്കൂറില്‍ 150 കിലോമീറ്ററിലധികം വേഗതയില്‍ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുള്ളതിനാല്‍ തീ അണയ്ക്കല്‍ അത്ര എളുപ്പമായിരിക്കില്ല.
കാറുകള്‍ അടക്കം സ്വന്തം വാഹനങ്ങള്‍ ഉപേക്ഷിച്ച് പ്രദേശവാസികള്‍ ഓടിരക്ഷപ്പെടുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. കാട്ടുതീ മാലിന്യം പതിച്ച് പല റോഡുകളിലും ഗതാഗതം തടസ്സപ്പെട്ടു. ആളുകളെ ഒഴിപ്പിക്കുന്നതിനായി പസഫിക് തീരദേശ ഹൈവേയടക്കം അടച്ചു. കാട്ടുതീ പടർന്നതിനെ തുടർന്ന് മക്കളെയും വളർത്തുമൃഗങ്ങളെയുമെടുത്ത് നിലവിളിച്ച് പലരും ഓടിരക്ഷപ്പെട്ടതായി പ്രദേശവാസികള്‍ പറഞ്ഞു.
സാന്റാ മോനിക്ക, മലീബു പട്ടണങ്ങള്‍ക്കിടയിലുള്ള പ്രദേശമായ പസഫിക് പാലിസേഡ്സില്‍ 5000 ഏക്കറിലേറെ പ്രദേശത്ത് തീപടർന്നു. പസഡേനയ്ക്ക് സമീപവും സാൻ ഫെർണാണ്ടോ വാലിയിലെ സില്‍മറിലുമുള്‍പ്പെടെ പലപ്രദേശങ്ങളിലും കാട്ടുതീ പിടിച്ചിട്ടുണ്ട്. പസഫിക് കോസ്റ്റ് ഹൈവേയിലെ മാലിബുവിലെ ഒരു ഐക്കോണിക് സീഫുഡ് ഷാക്കും മത്സ്യ മാർക്കറ്റും കത്തിനശിച്ചു.
അമൂല്യമായ കലാസൃഷ്ടികള്‍ സൂക്ഷിച്ചിട്ടുള്ള മ്യൂസിയമായ ഗെറ്റി വില്ലയ്ക്കുസമീപം മരങ്ങള്‍ കത്തിവീണു. സമീപത്തെ കുറ്റിക്കാടുതെളിച്ച് തീ ഇവിടേക്കു പടരുന്നത് തടഞ്ഞെന്നും കലാസൃഷ്ടികള്‍ സുരക്ഷതമാണെന്നും മ്യൂസിയം അധികൃതർ പറഞ്ഞു.