വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ രഹസ്യവാദം
നടിയെ ബലാത്സംഗം ചെയ്തുവെന്ന കേസിൽ നടനും സംവിധായകനുമായ വിജയ്ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ രഹസ്യവാദം നടക്കുന്നു. സർക്കാർ അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് രഹസ്യവാദത്തിന് അനുമതി നൽകിയത്. കേസുമായി നേരിട്ട് ബന്ധമില്ലാത്തവരെ കോടതിമുറിയിൽ പ്രവേശിപ്പിച്ചില്ല. വിജയ്ബാബുവിന്റെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവിന്റെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് കോടതി കേസ് വീണ്ടും പരിഗണിച്ചത്.
അന്വേഷത്തിന്റെ ആദ്യഘട്ടത്തിൽ ഒട്ടും സഹകരിക്കാതെ വിദേശത്തേക്ക് കടന്ന വിജയ് ബാബു പൊലീസ് സമ്മർദത്തെ തുടർന്ന് നാട്ടിലെത്തി കോടതിയിൽ ഹാജരായപ്പോൾ പരാതിക്കാരി പറയുന്നതിൽ അടിസ്ഥാനമില്ലെന്നും പരാതിക്കാരിയുമായി വളരെ അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്നും ഉഭയകക്ഷി സമ്മത പ്രകാരമാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നും ആവർത്തിക്കുക മാത്രമാണ് വിജയ് ബാബു ചെയ്യുന്നത്.
പരാതിക്കാരിയുടെ ആരോപണത്തിന് സമാനമായ മറ്റ് ചിലരിൽ നിന്നുള്ള തെളിവുകൾ കൂടി അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഇതിനെല്ലാം പുറമെ പരാതിക്കാരിയുടെ പേര് സാമൂഹ്യമാധ്യമങ്ങൾ വഴി പറഞ്ഞ് പരസ്യപ്പെടുത്തിയതിനും വിജയ്ബാബുവിനെതിരെ കേസ് നിലനിൽക്കുന്നുണ്ട്.
പുതിയ സിനിമയിൽ അവസരം നിഷേധിച്ചതിന്റെ പ്രതികാരമാണ് ഇത്തരത്തിലൊരു പരാതി നൽകിയത് എന്നാണ് വിജയ്ബാബു കോടതിയിൽ പറയുന്നത്. കുറേ നാളുകളായി ഇരുവരും ഒരുമിച്ച് താമസിക്കുകയായിരുന്നുവെന്നും പുതിയ ചിത്രത്തിൽ മറ്റൊരു നായികയെ നിശ്ചയിച്ചതോടെ പരാതിക്കാരി ബോധപൂർവം ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും വിജയ്ബാബു നൽകിയ ഉപഹരജിയിൽ പറയുന്നു.
Content Highlights : Actress assault case against Vijay babu at high court