വിജയ്ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും; അപേക്ഷ തള്ളിയാൽ അറസ്റ്റ്
യുവ നടിയെ ബലാത്സംഗം ചെയ്തുവെന്ന കേസിൽ നടനും നിർമാതാവുമായ വിജയ്ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സർക്കാർ അഭിഭാഷകന്റെ നിർദേശ പ്രകാരം ഇന്നലെ കേസിൽ കോടതി രഹസ്യവാദം കേട്ടിരുന്നു. കേസിൽ നേരിട്ട് കക്ഷികളാവത്തവരോട് കോടതി മുറിയിൽ നിന്ന് പുറത്തുപോവാൻ ആവശ്യപ്പെട്ടിരുന്നു.
യുവതിയെ ബലാത്സംഗം ചെയ്തുവെന്ന കേസിലും പെൺകുട്ടിയുടെ പേര് സാമൂഹ്യമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയ കേസിലുമാണ് വിജയ്ബാബു മുൻകൂർജാമ്യം തേടുന്നത്. വിജയ് ബാബുവിനെതിരെ സമാനരീതിയിൽ വേറെയും ചില ആരോപണങ്ങളുണ്ടെന്നും പലരും പേടിച്ചിട്ട് പരാതി ഉന്നയിക്കാത്തതാണെന്നും പറയുന്ന സാഹചര്യത്തിൽ വിശദമായ ചോദ്യം ചെയ്യൽ വേണമെന്ന് സർക്കാർ നേരത്തെ തന്നെ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ വിജയ് ബാബു എതിർത്തു. കോടതി നിർദേശിച്ച പ്രകാരമെല്ലാം കേസുമായി സഹകരിക്കുന്നുണ്ടെന്ന് വ്യക്തമാക്കി. പീഡനക്കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പരാതിക്കാരിയുടെ പേര് സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയതിനാണ് രണ്ടാമത്തെ കേസ്.
പീഡനക്കേസിലും പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനും വിജയ് ബാബുവിന്റെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് ഹൈക്കടോതി ഇന്ന് വരെ നീട്ടിയിരുന്നു. പെൺകുട്ടി സ്റ്റേഷനിൽ പരാതി നൽകിയതിന് പിന്നാലെ വിജയ്ബാബു വിദേശത്തേക്ക് കടന്നിരുന്നു. പാസ്പോർട്ട് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് കടന്നതിന് ശേഷമാണ് വിജയ്ബാബു തിരികെയെത്തി അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപിൽ ഹാജരായത്
നടിയുമായി ഏറെനാളത്തെ അടുപ്പമുണ്ടെന്നും ഉഭയ സമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നും സിനിമയിൽ അവസരം നിഷേധിച്ചതിലെ വാശിയിലാണ് പരാതി നൽകിയതെന്നും കാണിച്ച് വിജയ് ബാബു ഹൈക്കോടതിയിൽ നൽകിയ ഉപഹരജിയും കോടതി പരിഗണിക്കുന്നുണ്ട്.
ഇന്നും മുൻകൂർ ജാമ്യം അനുവദിച്ചിട്ടില്ലെങ്കിൽ അറസ്റ്റുൾപ്പെടെയുള്ള നടപടികളുമായി മുന്നോട്ടു പോവാനാണ് പൊലീസിന്റെ തീരുമാനം.
Content Highlights : Actress atrocity case against Vijay Babu at High court