വിജയ്ബാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി
യുവനടിയെ ബലാത്സംഗം ചെയ്തുവെന്ന പരാതിയിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ, ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി. അറസ്റ്റിന് നൽകിയ സംരക്ഷണവും തിങ്കളാഴ്ച വരെ തുടരും.
ബലാത്സംഗ പരാതിയിലും തുടർന്ന് നടിയുടെ പേര് വെളിപ്പെടുത്തിയ കേസിലുമാണ് വിജയ് ബാബു മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. രണ്ടു കേസുകളിലും വിജയ് ബാബുവിന്റെ അറസ്റ്റ് കോടതി ഇന്നുവരെ തടഞ്ഞിരുന്നു. ഇതാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന തിങ്കളാഴ്ച വരെ നീട്ടിയത്. വിജയ് ബാബുവിനെ വിശദമായി ചോദ്യം ചെയ്യണമെന്ന് സർക്കാർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
ഇതിനെ എതിർത്ത വിജയ് ബാബു കോടതി നിർദേശിച്ച പ്രകാരം അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് വ്യക്തമാക്കി. പീഡനക്കേസ് രജിസ്റ്റർ ചെയ്യപ്പെട്ടതിന് പിന്നാലെ പരാതിക്കാരിയുടെ പേര് സാമൂഹിക മാധ്യമത്തിലൂടെ വെളിപ്പെടുത്തിയതോടെയാണ് വിജയ് ബാബുവിനെതിരെ രണ്ടാമത്തെ കേസെടുത്തത്. ഉഭയസമ്മതപ്രകാരമാണ് നടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടെതെന്നും ബ്ലാക്ക്മെയിലിംഗിന്റെ ഭാഗമായുള്ള പരാതിയാണെന്നുമാണ് വിജയ് ബാബുവിന്റെ വാദം.
സിനിമയിൽ അവസര൦ നിഷേധിച്ചതാണ് പരാതിക്ക് പിന്നിലെന്നും വിജയ് ബാബു ആരോപിച്ചിരുന്നു. പരാതി നൽകിയതിന് പിന്നാലെ വിജയ് ബാബു വിദേശത്തേക്ക് കടന്നിരുന്നു. പാസ്പോർട്ട് റദ്ദാക്കിയ ശേഷമാണ് വിജയ്ബാബു നാട്ടിലേക്ക് തിരികെ എത്തിയത്.
Content highlights : vijay babu case at High court of kerala