ശബരിമല മണ്ഡലകാലത്തെ വരുമാനം 297 കോടി; തീർഥാടകർ നാല് ലക്ഷം വർധിച്ചു
മണ്ഡലകാലത്ത് ശബരിമല ദർശനത്തിന് എത്തിയ തീർഥാടകരുടെ എണ്ണത്തിൽ വൻ വർധന. 32.49 ലക്ഷം തീർഥാടകരാണ് ഈ വർഷം അയ്യപ്പ ദർശനത്തിന് എത്തിയത്. കഴിഞ്ഞ വർഷം ഇത് 28.42 ലക്ഷമായിരുന്നു. 4.07 ലക്ഷത്തിന്റെ വർധനവാണ് ഇത്തവണയുണ്ടായത്. വരുമാനത്തിൽ 82.23 കോടി രൂപയുടെ വർധനവും ഉണ്ടായിട്ടുണ്ട്.
സ്പോട് ബുക്കിങ് വഴി എത്തിയത് 5.66 ലക്ഷം തീർഥാടകരാണ്. കഴിഞ്ഞ വർഷം ഇത് 4.02 ലക്ഷം ആയിരുന്നു. പുല്ലുമേട് കാനന പാതയിലൂടെ ഇത്തവണ 74,774 പേരെത്തി. ഈ വർഷത്തെ ആകെ വരുമാനം 297.06 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇത് 214.82 കോടിയായിരുന്നു. അരവണ വിൽപനയിലൂടെ 124.02 കോടി രൂപ ലഭിച്ചു.. കാണിക്ക ഇനത്തിൽ 80.25 കോടി രൂപ ലഭിച്ചു.
ജനുവരി 14 നാണ് മകരവിളക്ക്. എരുമേലി പേട്ടതുള്ളൽ 11 ന് നടക്കും. പന്തളത്തു നിന്നുള്ള തിരുവാഭരണ ഘോഷയാത്ര 12 ന് പുറപ്പെടും. 13 ന് പമ്പ വിളക്കും സദ്യയും നടക്കും. 14 ന് തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തെത്തും. തിരുവാഭരണം അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടക്കുമ്പോള്‍ പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും. തീര്‍ഥാടനം പൂര്‍ത്തിയാക്കി 20 ന് ക്ഷേത്രനട അടയ്ക്കും.