ഇന്ന് ദു:ഖവെള്ളി; യേശുദേവന്റെ പീഡാനുഭവസ്മരണയില്‍ ലോകമെമ്ബാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍
ക്രൈസ്തവർ ഇന്ന് ദു:ഖവെള്ളി ആചരിക്കുന്നു. യേശു ക്രിസ്തു ക്രൂശുമരണം വരിച്ചതിന്റെ ത്യാഗസ്മരണകളുയർത്തുന്നതാണ് ഈ ദിനം.
ലോകമെമ്ബാടുമുള്ള ക്രൈസ്തവ സമൂഹം ഇന്ന് ഉപവാസത്തോടെ ദേവാലയങ്ങളില്‍ പ്രാർത്ഥന ചടങ്ങുകള്‍ നടത്തും. യേശു മരണത്തിന് വിധിക്കപ്പെട്ടതിന് ശേഷം പീലാത്തോസിന്റെ ഭവനത്തില്‍ നിന്ന് ഗാഗുല്‍ത്താമലയുടെ മുകളിലേക്ക് കുരിശ് വഹിച്ച് നടത്തിയ യാത്രയാണ് വിശ്വാസികള്‍ അനുസ്മരിക്കുന്നത്.
ഒരാഴ്ചയായി നടന്നു വരുന്ന വിശുദ്ധവാര തിരുകർമങ്ങളുടെ ഏറ്റവും സുപ്രധാനമായ ചടങ്ങുകളാണ് ദേവാലയങ്ങളില്‍ ഇന്നു നടക്കുന്നത്. വിവിധ ദേവാലങ്ങളില്‍ പീഡാനുഭവ വായന, കുരിശിന്റെ വഴി, കുരിശുചുംബനം തുടങ്ങിയ ചടങ്ങുകള്‍ നടക്കും. ഇതോടൊപ്പം യേശുവിന്റെ പീഡ സഹനത്തെ അനുസ്മരിപ്പിച്ച് വിശ്വാസികള്‍ കുരിശുമലകളിലേക്ക് കുരിശിന്റെ വഴി ചൊല്ലി തീർത്ഥ യാത്രയും നടത്തും.
ഉപവാസത്തോടും പ്രാർത്ഥനയോടെയും ഏറെ വിശുദ്ധിയോടെ ആചരിക്കുന്ന ദിവസമാണിന്ന്. ദേവാലയങ്ങളില്‍ രാവിലെ ആറ് മണി മുതല്‍ പ്രത്യേക ബൈബിള്‍ വായനയും തിരുകർമ്മങ്ങളും ആരംഭിച്ചു. ഉച്ചകഴിഞ്ഞ് യേശുവിന്റെ സ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും നടക്കും.